ഇന്ത്യൻ നേവി ഗ്രൂപ്പ് ചാമ്പ്യന്മാർ, സെമിയിൽ ഗോകുലം ബ്ലാസ്റ്റേഴ്സ് പോരാട്ടം

കേരള പ്രീമിയർ ലീഗിലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യൻ നേവി വിജയിച്ചതോടെ സെമി ഫൈനലുകൾ തീരുമാനമായി. ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ആണ് ഇന്ത്യൻ നേവി തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നേവിയുടെ വിജയം. ബിപാക താപയാണ് നേവിയുടെ വിജയ ഗോൾ നേടിയത്. ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഇന്ത്യൻ നേവി ഗ്രൂപ്പ് ചാമ്പ്യന്മാരായി.

6 മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ നേവിക്കും കേരള ബ്ലാസ്റ്റേഴ്സിനും 12 പോയിന്റ് വീതമാണുള്ളത്. മെച്ചപ്പെട്ട ഗോൾ ശരാശരിയാണ് ഇന്ത്യൻ നേവിയെ ഗ്രൂപ്പിൽ ഒന്നാമത് എത്തിച്ചത്. ഇതോടെ സെമി ഫൈനലിൽ ഗോകുലം കേരള എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടുന്നതിന് വഴി തെളിഞ്ഞു. കേരളത്തിനെ ദേശീയ തലത്തിൽ പ്രതിനിധീകരിക്കുന്ന ഈ രണ്ട് ക്ലബുകളും മെയ് 12നാണ് സെമിയിൽ ഏറ്റുമുട്ടുക. ആദ്യ സെമിയിൽ മെയ് 11ന് ഇന്ത്യൻ നേവിയും എഫ് സി കേരളയും ആകും നേർക്കുനേർ വരിക. സെമി ഫൈനൽ മത്സരങ്ങൾക്ക് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം ആണ് ആതിഥ്യം വഹിക്കുക.