അയാക്‌സിനെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി ആഴ്‌സണൽ

തുടർച്ചയായ പതിനാലാം സീസണിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി ആഴ്‌സണൽ വനിതകൾ. ഡച്ച് വമ്പന്മാരായ അയാക്‌സിനെ ഇരു പാദങ്ങളിലും ആയി 3-2 നു ആണ് ആഴ്‌സണൽ വീഴ്ത്തിയത്. ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് 2-2 നു സമനില പാലിച്ച ആഴ്‌സണൽ ഹോളണ്ടിൽ ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് ജയിക്കുക ആയിരുന്നു.

ഡച്ച് സൂപ്പർ താരം വിവിയനെ മിയെദെമ ബോക്സിന് പുറത്ത് നിന്ന് നേടിയ ഉഗ്രൻ ഗോൾ ആണ് ആഴ്‌സണലിന് ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള വഴി തുറന്നത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51 മത്തെ മിനിറ്റിൽ ആണ് മിയെദെമയുടെ ഗോൾ പിറന്നത്. എന്നാൽ പിന്നീട് പരിക്കേറ്റു ബെത്ത് മെഡ് പുറത്ത് പോയത് തിരിച്ചടിയായി എങ്കിലും ആഴ്‌സണൽ ജയം കൈവിട്ടില്ല. അതേസമയം പി.എസ്.ജി, റയൽ മാഡ്രിഡ്, യുവന്റസ് വനിതകളും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.