ഗോകുലം കേരള എഫ് സി ഇന്ത്യൻ ടീമിന്റെ ഗോളി അദിതി ചൗഹാനുമായി കരാർ പുതുക്കി. ഇന്ത്യൻ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറായ അദിതി, ഗോകുലത്തിനു വേണ്ടി ഇന്ത്യൻ വിമൻസ് ലീഗിൽ കളിച്ചിരുന്നു.
പിന്നീട് ഐസ് ലാൻഡിലെ ക്ലബ്ബുമായി അദിതി കരാറിലെത്തിയിരുന്നു. എന്നാൽ കോവിഡ് കാരണം വിദേശ ക്ലബ്ബിൽ ചേരുവാൻ കഴിഞ്ഞില്ല. തുടർന്നാണ് ഗോകുലവുമായി കരാറിലെത്തിയത്.
ഇന്ത്യൻ ടീമിന്റെ മുഖ്യ ഗോൾകീപ്പറാകുന്നത് മുന്നേ യൂ കെ മൂന്നാം ഡിവിഷനിൽ കളിച്ചുകൊണ്ടിരിന്ന വെസ്റ്റ് ഹാം ലേഡീസ് ടീമിന് വേണ്ടിയുംഅദിതി ഗോൾ വല കാത്തിരുന്നു.
29 വയസ്സുള്ള അദിതി, ഇന്ത്യൻ ടീമിലെ സീനിയർ താരമാണ്. “ഗോകുലത്തിന്റെ കൂടെ ഐ ഡബ്ല്യൂ എൽ വിജയിച്ചത് പോലെ പ്രഥമ വനിതാ എ എഫ് സി കപ്പും വിജയിക്കുവാൻ കഴിയണമെന്നാണ് ആഗ്രഹം. അതിനു വേണ്ടി പ്രയത്നിക്കും,” അദിതി പറഞ്ഞു.
“അദിതിയുടെ പരിചയസമ്പന്നത ഗോകുലത്തിനു എ എഫ് സി കപ്പിന് ഒരു മുതൽക്കൂട്ടാകും. അദിതിക്ക് എല്ലാ വിധ ആശംസകളും നേരുന്നു,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.