ആർ.ബി ലൈപ്‌സിഗിന്റെ ജർമ്മൻ താരം ടിമോ വെർണർ അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്ക് (MLS) ചേക്കേറുന്നു. സാൻ ജോസ് എർത്ത്‌ക്വേക്ക്‌സുമായി താരം കരാറിൽ ധാരണയിലെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. ഈ സീസണിൽ ആർ.ബി ലൈപ്‌സിഗിൽ വെറും 13 മിനിറ്റ് മാത്രം കളിക്കാൻ അവസരം ലഭിച്ച വെർണർ, ടീമിന്റെ പദ്ധതികളിൽ താനില്ലെന്ന് ഉറപ്പായതോടെയാണ് യൂറോപ്പ് വിടാൻ തീരുമാനിച്ചത്.

ചെൽസി, ടോട്ടനം എന്നീ പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള ഇരുപത്തിയൊമ്പതുകാരനായ വെർണർ, ജർമ്മൻ ദേശീയ ടീമിനായി 57 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയിട്ടുണ്ട്. നേരത്തെ ഇന്റർ മയാമിയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വെർണർ ഒടുവിൽ സാൻ ജോസ് തിരഞ്ഞെടുക്കുകയായിരുന്നു. വരും ദിവസങ്ങളിൽ തന്നെ താരം ഔദ്യോഗിക കരാറിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.









