വെങറും വിയ്യയും – ഫുട്‌ബോളിലെ വംശീയതയെ തോൽപ്പിച്ച് മുമ്പേ നടന്നവർ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പോർട്സിൽ മാത്രമല്ല നമ്മുടെ സമൂഹങ്ങളിൽ എങ്ങും നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ്‌ വംശീയവിദ്വേഷങ്ങളും അതിനെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും. വ്യത്യസ്തമായതിനെ അത് ചിലപ്പോൾ തൊലിയുടെ നിറമാകാം, വിശ്വാസമാവാം, സംസാരിക്കുന്ന ഭാഷയാവാം, ലൈംഗീകതയാവാം ഒക്കെ സംശയത്തോടെ മുൻവിധിയോടെ അവജ്ഞയോടെ നോക്കുന്ന സമൂഹത്തിൽ നിന്നാണ്‌ വംശീയവിദ്വേഷങ്ങളുടെ തുടക്കം. സമൂഹത്തിലെ നന്മയും തിന്മയും അടങ്ങിയ വലിയൊരു വിഭാഗത്തെ കളിയാരാധകർ പ്രതിനിധീകരിക്കുന്നതിനാൽ തന്നെ എന്നും വംശീയവിദ്വേഷങ്ങളുടെ ദുഃഖകരമായ വാർത്തകൾ കായികരംഗത്ത് നിന്നും ഉയർന്നു കേട്ടിട്ടുണ്ട്.

വലിയ പ്രചാരണങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വംശീയാധിക്ഷേപങ്ങളെ നിലക്ക് നിർത്താൻ ഒരു പരിധിവരെ സ്പോർട്സിന് സാധിച്ചിട്ടുണ്ട്. ഇത്തവണ പുരുഷ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമിനെ പോലെ വനിത ഫുട്‌ബോൾ ലോകകപ്പ് നേടിയ അമേരിക്കൻ ടീമിനെ പോലെ വൈവിധ്യങ്ങളില്ലാത്ത കായികടീമുകളെ ഇപ്പോൾ ലോകത്ത് കാണാൻ കൂടി സാധിക്കില്ല എന്ന് തന്നെ പറയാം. ഇടക്ക് പക്ഷെ കുപ്പിയിൽ നിന്ന് വംശീയതയുടെ ഭൂതം പുറത്ത് വരാറുമുണ്ട്. ഫുട്‌ബോളിന് പറയാൻ ഇത്തരത്തിൽ ഒരുപാട് കഥകൾ ഉണ്ട്. അത്തരത്തിൽ ഒരു കഥയിൽ ഒന്നായിരുന്നു ആഴ്സണൽ യുവതാരം ജോർഡി ഒസെയി-ടുറ്റുവിന് ഏതാണ്ട്‌ ഒരാഴ്ച മുമ്പ് ജർമനിയിൽ നേരിട്ട വംശീയഅധിക്ഷേപം.

ഇത്രയും ഉയർന്നു എന്നു നാം അഭിമാനത്തോടെ പറയുന്ന ഈ ലോകത്തും നാം വംശീയതയുടെ വിഷവിത്തുകൾ നാം ആവർത്തിച്ചു കാണുമ്പോൾ ഫുട്‌ബോളോ കായികരംഗമോ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു കഥയുണ്ട്. ആ കഥയാണ് ഇവിടെ പറയാൻ പോകുന്നത്. അത് ഫുട്‌ബോൾ കണ്ട എക്കാലത്തെയും മഹാനായ പരിശീലകരിൽ ഒരാളായ ഫ്രഞ്ച്‌കാരനായ വെള്ളക്കാരൻ ആഴ്സനെ വെങറും ലോകം കണ്ട എക്കാലത്തെയും മഹാനായ ഫുട്‌ബോൾ താരങ്ങളിൽ ഒരാളും ആഫ്രിക്കയിൽ നിന്ന് ബാലൻ ഡിയോർ നേടിയ ഏകതാരമായ ലൈബീരിയകാരൻ കറുത്തവൻ ജോർജ് വിയ്യയും തമ്മിലുള്ള അത്ഭുതകരമായ സൗഹൃദത്തിന്റെ കഥയാണ്, ഹൃദയബന്ധത്തിന്റെ കഥയാണ്. അതെ ലോകകപ്പ് ഒരിക്കലും കളിക്കാത്ത എക്കാലത്തെയും മഹാനായ ഫുട്‌ബോൾ താരങ്ങളിൽ ഒരാളും ചാമ്പ്യൻസ് ലീഗ് കിരീടം ഒരിക്കലും ഉയർത്താത്ത എക്കാലത്തെയും മഹാനായ ഫുട്‌ബോൾ പരിശീലകരിൽ ഒരാളും തമ്മിലുള്ള അച്ഛൻ മകൻ ബന്ധം പോലുളള അത്യപൂർവമായ ബന്ധത്തിന്റെ കഥ.

1995 ലെ ബാലൻ ഡിയോർ വേദി, ലോക ഫുട്‌ബോളർ ആയി, ലോകത്തിലെ ആ വർഷത്തെ ഏറ്റവും മികച്ച താരമായി ലോകം ജോർജ് വിയ്യയെ തിരഞ്ഞെടുക്കുന്നു. തനിക്ക് മുമ്പേ വന്ന ഒരുപാട് മഹാരഥന്മാർ നിന്ന ആ വേദിയിൽ, തനിക്ക് പിമ്പേ ഒരുപാട് മഹാരഥന്മാർ നിൽക്കേണ്ട ആ വേദിയിൽ നിന്ന് കൊണ്ട് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് വിയ്യ ഒരാളെ വേദിയിലേക്ക് ക്ഷണിച്ചു. ഫുട്‌ബോൾ കളിക്കാനല്ല, ജീവിക്കാൻ, വെളുത്തവന്റെ ലോകത്ത്, വംശീയത കത്തിനിന്ന ലോകത്ത് വെള്ളക്കാർക്ക് ഇടയിൽ ജോർജ് വിയ്യയെന്ന കറുത്തവനു ജീവിക്കാനാകുമെന്നു ഫുട്‌ബോൾ കളിക്കാനാകുമെന്നു തന്നെ പഠിപ്പിച്ച ആ മനുഷ്യനെ. തന്നെ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിന് മുന്നിലേക്ക് ലോകത്തിനു മുന്നിലേക്ക് അവതരിപ്പിച്ച ആ മനുഷ്യനെ. തനിക്ക് എന്നും പിതാവിന് സമമെന്നു വിയ്യ എന്നും ആവർത്തിച്ചു പറയാറുള്ള തന്റെ ഗുരുനാഥനായ ആഴ്സനെ വെങറെ. വെങറെ വേദിയിൽ നിർത്തി തന്റെ പുരസ്‌കാരം അദ്ദേഹത്തിനു സമർപ്പിച്ചു അന്ന് വിയ്യ. വെങറിനോടുള്ള തന്റെ കടപ്പാട് എടുത്ത് പറഞ്ഞു വിയ്യ അന്ന്. വംശീയത കത്തി നിന്ന സമയത്ത് തനിക്ക് സ്നേഹമെന്നത് കാണിച്ചു തന്നത് വെങർ ആണെന്ന് പലകുറി വിയ്യ പറഞ്ഞിട്ടുണ്ട്. ദൈവം കഴിഞ്ഞാൽ വെങർ ഇല്ലായിരുന്നെങ്കിൽ താനൊരിക്കലും ഒരു ലോകോത്തര ഫുട്‌ബോൾ താരമാവില്ലെന്നു പറയാൻ ഒട്ടും മടിക്കുന്നില്ല വിയ്യ ഇന്നും.

ഒരു സുഹൃത്ത് വഴിയാണ് വെങർ 1988 ൽ ഒരു ആഫ്രിക്കൻ ടീമിൽ നിന്നു തന്റെ ക്ലബായ ഫ്രഞ്ച് ക്ലബ് എ.എസ് മൊണോക്കായിലേക്ക് വിയ്യയെ എത്തിക്കുന്നത്. ആദ്യമൊന്ന് പതറിയെങ്കിലും വിയ്യ പന്ത് തട്ടാൻ തുടങ്ങിയപ്പോൾ സംഭവിച്ചത് ഒരു ചരിത്രമായിരുന്നു. ആഫ്രിക്കയിൽ നിന്ന് പിന്നീട് ലോകം കീഴടക്കിയ കാനു,എറ്റു, ടോറെ സഹോദരന്മാർ ദ്രോഗ്ബ മുതൽ ഇങ്ങ് മുഹമ്മദ് സലായിലും സാദിയോ മാനെയിലും വരെ ചെന്നെത്തി നിൽക്കുന്ന ഒരുപാട് ആഫ്രിക്കൻ താരങ്ങൾക്ക് പ്രചോദനവും ആവേശവും നൽകിയ ചരിത്രം. മൊണോക്കയിൽ നിന്ന് പാരീസ് സെന്റ് ജർമ്മനിലേക്കും പിന്നീട്‌ വിശ്വവിഖ്യാതമായ എ. സി മിലാനിലേക്കും വിയ്യ എത്തി. മിലാനിൽ റോബർട്ടോ ബാജിയോക്ക് ഒപ്പം സാൻ സിറോയിലെ പുൽമൈതാനത്തെ വിയ്യ തീപിടിപ്പിച്ചപ്പോൾ ലോകം കണ്ണും മിഴിച്ചാണ് വിയ്യ എന്ന പ്രതിഭാസത്തെ കണ്ടത്. പിന്നീട് ഇടക്ക് ചെൽസിയിലും മാഞ്ചസ്റ്റർ സിറ്റിയിലും മാഴ്സയിലും കളിച്ച വിയ്യ അൽ ജസീറക്കായി ബൂട്ട് കെട്ടി 2003 ൽ കളം വിടുമ്പോൾ സമ്പാദ്യം 413 മത്സരങ്ങളിൽ നിന്ന് 194 ഗോളുകൾ. അതിൽ പലതും ഫുട്‌ബോൾ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അവിസ്മരണീയ ഗോളുകൾ കൂടിയായിരുന്നു. 2 തവണ ആഫ്രിക്കൻ നേഷൻസ്‌ കപ്പിലടക്കം ലൈബീരിയക്കായി ബൂട്ട് കെട്ടിയ വിയ്യ 10 തവണ രാജ്യത്തിനായി വല കുലുക്കി. ലോക ഫുട്‌ബോളർ ആയതിനു പുറമെ 3 തവണ ഏറ്റവും മികച്ച ആഫ്രിക്കൻ ഫുട്‌ബോൾ താരമായി തിരഞ്ഞെടുത്ത വിയ്യയെ 1996 ൽ നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച ആഫ്രിക്കൻ താരമായും തിരഞ്ഞെടുത്തു.

മൊണോക്ക വിട്ട വെങർ ആവട്ടെ അവിടെ നിന്ന് ജപ്പാനിലും പിന്നീട് ആഴ്‌സണലിലും എത്തി. അതിനു ശേഷം ലോകം കണ്ടതാകട്ടെ മനോഹര ഫുട്‌ബോളിന്റെ ഒരിക്കലും മറക്കാനാവാത്ത രണ്ട് പതിറ്റാണ്ട്. വിയ്യയിലൂടെ തുടങ്ങിയ തന്റെ ആഫ്രിക്കൻ കഥക്ക് ലോറൻ, കാനു, കൊലാ ടോറെ തുടങ്ങി ഇങ്ങ് അലക്‌സ് ഇയോബി വരെയുള്ളവരിലൂടെ പുതിയ പല അധ്യായങ്ങളും വെങർ പിന്നീട് കുറിച്ചു. എന്നും തങ്ങളുടെ മാനുഷിക സാമൂഹിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിൽ ശ്രദ്ധാലുക്കൾ ആയിരുന്നു ഇരുവരും.

ഫുട്‌ബോളിന് ശേഷവും അസാധാരണമായിരുന്നു വിയ്യയുടെ ജീവിതകഥ. കളിക്കളത്തിനു പുറത്തും വിയ്യ ഒരിക്കലും വെറുതെയിരുന്നില്ല. തന്റെ രാജ്യത്തിനായി, ജനതക്കായി എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യവുമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിയ്യ 2005 ലെ ലൈബീരിയൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പക്ഷെ ലഭിച്ചത് വലിയ പരാജയമായിരുന്നു. വിദ്യാഭ്യാസമില്ലാത്ത വിയ്യക്ക് രാജ്യത്തിനായി ഒന്നും ചെയ്യാൻ ആവില്ലെന്ന് പ്രചരിപ്പിച്ച എതിരാളികളുടെ വായ അടപ്പിക്കാൻ ആയിരുന്നു വിയ്യയുടെ പിന്നീടുള്ള ശ്രമങ്ങൾ. 2006 തന്റെ 40 മത്തെ വയസ്സിൽ ഹൈസ്കൂൾ ഡിപ്ലോമ നേടിയ വിയ്യ 2011 ൽ 45 മത്തെ വയസ്സിൽ ഫ്‌ലോറിഡയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും രണ്ട് വർഷങ്ങൾക്ക് ശേഷം ബിരുദാനന്തര ബിരുദവും നേടി. ഇതിനിടയിൽ രാഷ്ട്രീയം തന്നെ മുഖ്യലക്ഷ്യമാക്കിയ വിയ്യ 2016 ൽ ഇന്ത്യക്കാരനായ വ്യവസായി നീരവ് ത്രിപാഠിയുമായി ചേർന്ന് വലിയൊരു ഫുട്‌ബോൾ അക്കാദമിയും സ്ഥാപിച്ചു. ഇന്ത്യയിലേയും ലൈബീരിയയിലെയും യുവതാരങ്ങളെ കണ്ടത്തുക എന്ന ലക്ഷ്യം തന്നെയാണ് അക്കാദമിക്ക് മുഖ്യമായും ഉള്ളത് എന്ന് വിയ്യ പറഞ്ഞിരുന്നു.

തന്നെ പോലെ തെരുവിൽ വളർന്നവർക്കായാണ്, പട്ടിണിക്കാർക്കായാണ് തന്റെ പോരാട്ടമെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ചു വിയ്യ വീണ്ടുമൊരു രാഷ്ട്രപതി തിരഞ്ഞെടുപ്പിന് 2017 ൽ ഇറങ്ങി. ഇത്തവണ പക്ഷെ ജയം വിയ്യക്ക് ഒപ്പം തന്നെയായിരുന്നു. അങ്ങനെ 2018 ൽ ലൈബീരിയയുടെ 25 മത്തെ പ്രസിഡന്റ് ആയി ജോർജ് വിയ്യ എന്ന മുൻ ലോകഫുബോളർ അധികാരം ഏറ്റു. പല പരിഷ്‌കാരങ്ങളുമായി രാജ്യത്തെ നന്നായി നയിക്കാനുള്ള ശ്രമത്തിലാണ് വിയ്യ ഇപ്പോൾ. പ്രസിഡന്റ് ആയ ശേഷം വിയ്യ എടുത്ത ആദ്യ തീരുമാനങ്ങളിൽ ഒന്ന് പറയാതെ ഈ കഥ പൂർണമാകില്ല. അത് ലൈബീരിയയുടെ പരമോന്നത പുരസ്‌കാരം തന്റെ ഗുരുവായ ആഴ്‌സനെ വെങറിനു സമ്മാനിക്കുക എന്നതായിരുന്നു. തനിക്ക് വേണ്ടി മാത്രമല്ല പിന്നീട് വന്ന നിരവധി ആഫ്രിക്കൻ താരങ്ങൾക്ക് മുന്നിൽ വലിയൊരു ലോകം തുറന്നിട്ട് കൊടുത്ത, വംശീയതക്ക് മുന്നിൽ സ്നേഹത്തിനു ജയിക്കാനാവുമെന്നു കാണിച്ചു കൊടുത്ത ആ വലിയ മനുഷ്യനു സമ്മാനിക്കാവുന്ന മറ്റൊരു ഗുരുദക്ഷിണ കൂടിയായി ആ ബഹുമതി. അതിമനോഹരമാണ് വെങറും വിയ്യയും തമ്മിലുള്ള ബന്ധത്തിന്റെ കഥ. ഇന്ന് ലോകത്തിനു വേണ്ടതും അത്തരം കഥകൾ ആണ്, ലോകം കേൾക്കേണ്ടതും അത്തരം കഥകൾ ആണ്. വശീയതയെ തോൽപ്പിക്കുന്ന സ്നേഹത്തിന്റെ കഥകൾ. നിങ്ങൾ കൂടിയാകുന്നു ഈ ലോകം എന്നതിനാൽ എന്നും ഞങ്ങൾക്ക് നിങ്ങളോടു കടപ്പാട് മാത്രമേ ഉണ്ടാകൂ. നന്ദി വെങർ, നന്ദി വിയ്യ നിങ്ങളുടേത് കൂടിയാണ് ഈ ലോകം എന്നു ഓർമ്മിപ്പിക്കുന്നതിൽ