പത്ത് വർഷമായി പാരീസ് ടീമിന്റെ ഭാഗമായ മാർക്കോ വെറാറ്റിക്ക് പുതിയ കരാർ നൽകാനുള്ള നീക്കങ്ങളുമായി പിഎസ്ജി. 2012ൽ എത്തിയ ശേഷം ടീമിന്റെ അഭിവാജ്യ ഘടകമായ ഇറ്റാലിക്കാരൻ, ടീമിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം കൂടിയാണ്. നിലവിലെ കരാർ 2024ൽ അവസാനിക്കാൻ ഇരിക്കെയാണ് പുതിയ കരാർ ചർച്ചകളിലേക്ക് ഇരു കൂട്ടരും കടക്കുന്നത് എന്ന് ഫ്രഞ്ച് മാധ്യമമായ ലെ’എക്വിപെ റിപ്പോർട്ട് ചെയ്തു. ഇറ്റലി ലോകകപ്പിനില്ല എന്നതിനാൽ ഈ ഇടവേളയിൽ തന്നെ ചർച്ചകൾ നടന്നേക്കും എന്നാണ് സൂചനകൾ.
മുപ്പതുകാരനായ താരത്തിന് വരുമാനത്തിലും പിഎസ്ജി വർധനവ് നൽകും. 12മില്യൺ യൂറോയോളമാകും പുതിയ കരാറിൽ താരത്തിന്റെ വാർഷിക വരുമാനം. 2026 വരെ താരത്തെ ക്ലബ്ബിൽ നിലനിർത്താൻ ആണ് നിലവിൽ പിഎസ്ജി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വെറാറ്റിക്കും പാരീസിൽ തുടരാൻ തന്നെയാണ് താൽപര്യം എന്നതിനാൽ ഉടനെ ചർച്ചകൾ പൂർത്തിയായേകും.