വാൻ ബൊമ്മലിനെ പി എസ് വി പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി

- Advertisement -

പി എസ് വി ഐന്തോവന്റെയും ഹോളണ്ടിന്റെയും ഇതിഹാസ താരം മാർക് വാൻ ബൊമ്മലിന്റെ പി എസ് വിയിലേക്കുള്ള തിരിച്ചുവരവിന് ഒന്നരവർഷം കൊണ്ട് അവസാനം. ഫിലിപ് കോകുയ്ക്ക് പകരം പരിശീലകനായി എത്തിയ 42കാരനായ വാൻ ബൊമ്മലിനെ ചുമതലയിൽ നിന്ന് നീക്കിയതായി ക്ലബ് അറിയിച്ചു. കരാറിൽ ഇനിയും ഒന്നരവർഷം ബാക്കി നിൽക്കെയാണ് ബൊമ്മൽ പുറത്താകുന്നത്.

ലീഗിലെ മോശം പ്രകടനങ്ങളാണ് പുറത്താക്കലിന് പിറകിൽ. ഇന്നലെ ഫെയനൂർഡിനോട് തോറ്റതോടെ പി എസ് വി ലീഗിൽ നാലാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. ഒന്നാം സ്ഥാനക്കാരെക്കാൾ 10 പോയന്റ് പിറകിലാൺ പി എസ് വി ഇപ്പോൾ. കഴിഞ്ഞ സീസണിൽ അയാക്സിന് 3 പോയന്റ് മാത്രം പിറകിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ പി എസ് വിക്ക് ആയിരുന്നു.

ബാഴ്സലോണ, ബയേൺ മ്യൂണിച്ച്, എ സി മിലാൻ എന്നീ ക്ലബുകളുടെ ജേഴ്സി അണിഞ്ഞിട്ടുള്ള വാൻ ബൊമ്മൽ മുമ്പ് പി എസ് വി ഐന്തോവന്റെ ക്യാപ്റ്റനുമായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ആറ് സീസണുകളോളം പി എസ് വിയിൽ ചിലവഴിച്ച് വാൻ ബൊമ്മൽ മൂന്ന് ലീഗ് കിരീടങ്ങൾ ഇവിടെ നേടിയിരുന്നു. അവസാനം വിരമിക്കുന്ന സമയത്തും വാൻ ബൊമ്മൽ പി എസ് വിയിലായിരുന്നു കളിച്ചത്.

Advertisement