തെക്കേ അമേരിക്കയിൽ നിന്ന് ഉറുഗ്വേ, കൊളംബിയ, പരാഗ്വേ ടീമുകൾ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. ഇതോടെ, നേരത്തെ യോഗ്യത ഉറപ്പിച്ച അർജന്റീന, ബ്രസീൽ, ഇക്വഡോർ ടീമുകൾക്കൊപ്പം ഈ മൂന്ന് രാജ്യങ്ങളും ലോകകപ്പിന്റെ ഭാഗമാകും എന്ന് ഉറപ്പായി. ഇതോടെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ തെക്കേ അമേരിക്കൻ ഫുട്ബോളിന്റെ പങ്കാളിത്തം ഏകദേശം വ്യക്തമായി.

പെറുവിനെതിരായ മത്സരത്തിൽ ഇന്ന് ഉറുഗ്വേ 3-0 ത്തിന് ആധികാരിക വിജയം നേടി. റോഡ്രിഗോ അഗീറേ, ജോർജിയൻ ഡി അറാസ്കേറ്റ, ഫെഡറിക്കോ വിനാസ് എന്നിവരാണ് ഉറുഗ്വേയ്ക്കായി ഗോളുകൾ നേടിയത്. ഇത് പരിശീലകൻ മാർസെലോ ബിയൽസയുടെ ടീമിനെ ലോകകപ്പിന് നയിക്കാൻ സഹായിച്ചു.
കൊളംബിയ ബൊളീവിയയെ 3-0 ന് തോൽപ്പിച്ചു, ജെയിംസ് റോഡ്രിഗസ്, ജോൺ കോർഡോബ, ജുവാൻ ഫെർണാണ്ടോ ക്വിന്റേറോ എന്നിവർ ടീമിനായി തിളങ്ങി. അതേസമയം, ഇക്വഡോറുമായി നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയെങ്കിലും പരാഗ്വേയ്ക്ക് യോഗ്യത ഉറപ്പിക്കാൻ അത് മതിയായിരുന്നു. 2010 ന് ശേഷം ഇത് ആദ്യമായാണ് അവർ ലോകകപ്പിന് യോഗ്യത നേടുന്നത്.