സ്വിറ്റ്സർലാന്റിനെ മറികടന്ന് സ്പെയിൻ

യുവേഫ നാഷൺസ് ലീഗിലെ സ്പെയിന് വിജയം. സ്വിറ്റ്സർലാന്റിനെ നേരിട്ട സ്പെയിൻ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ 14ആം മിനുട്ടിൽ സ്വിറ്റ്സർലാന്റ് താരം ഷാക്കയുടെ ഒരു പിഴവ് മുതലെടുത്ത് റയൽ സോസിഡാഡിന്റെ യുവതാരം ഒയാർസബൽ ആണ് സ്പെയിനിനായി ഗോൾ നേടിയത്. കെപയ്ക്ക് പകരം ഇന്ന് വല കാക്കാൻ ഇറങ്ങിയ ഡി ഹിയ ഒരു മികച്ച സേവുമായി സ്പെയിനിന്റെ രക്ഷകനായി.

വോൾവ്സ് താരം അഡാമെ ട്രയോരെ രണ്ടാം പകുതിയിൽ സബ്ബായി എത്തി സ്വിറ്റ്സർലാന്റ് ഡിഫൻസിനെ വിറപ്പിച്ചു. ട്രയോരെയുടെ സ്പെയിനിനായുള്ള രണ്ടാമത്തെ മത്സരം മാത്രമായിരുന്നു ഇത്. നാഷൺസ് ലീഗിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പ് 4 ഏഴു പോയിന്റുമായി സ്പെയിൻ ഒന്നാമത് നിക്കുകയാണ്. ഒരു പോയിന്റ് മാത്രമുള്ള സ്വിറ്റ്സർലാന്റ് അവസാന സ്ഥാനത്താണ്.