പ്രഥമ യുവേഫ നാഷൺസ് ലീഗിന്റെ സെമി ലൈനപ്പ് അങ്ങനെ തീരുമാനമായി. ഇന്നലെ ജർമ്മനിക്കെതിരെ ഹോളണ്ട് നടത്തിയ മാസ്മരിക തിരിച്ചുവരവാണ് അവസാന സെമി ഫൈനലിസ്റ്റുകളെയും തീരുമാനിച്ചത്. ഹോളണ്ട്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലാന്റ് എന്നിവരാണ് ലീഗ് എയിൽ നിന്ന് സെമി ഫൈനലിലേക്ക് കടന്നത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് അടക്കം പലർക്കും അപ്രതീക്ഷിത തിരിച്ചടിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടി വന്നത്.
ലീഗ് എയിലെ ഗ്രൂപ്പ് 1ൽ നിന്നാണ് ഹോളണ്ട് സെമിയിൽ എത്തിയത്. ഫ്രാൻസ്, ജർമ്മനി എന്നിവരായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഏഴു പോയന്റുമായാണ് ഹോളണ്ടിന്റെ സെമി പ്രവേശനം. കഴിഞ്ഞ ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ട ഹോളണ്ടിന്റെ ഫുട്ബോളിലെ വമ്പന്മാരിലേക്കുള്ള തിരിച്ചുവരവ് കൂടിയാണിത്.
ലീഗ് ബിയിൽ അവസാന മത്സരത്തിലെ നാടകീയമായ വിജയത്തിലൂടെ ആണ് സ്വിറ്റ്സർലാന്റ് സെമിയിലേക്ക് കടന്നത്. അവസാന മത്സരത്തിൽ ബെൽജിയത്തെ രണ്ട് ഗോളിന്റെ വ്യത്യാസത്തിൽ തോൽപ്പിക്കേണ്ടിയിരുന്ന സ്വിസ്സ് ടീം തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ പോയ ശേഷം 5-2ന് വിജയിക്കുകയായിരുന്നു. ഗ്രൂപ്പിൽ നിന്ന് ഐസ്ലാന്റ് ആണ് റിലഗേറ്റ് ചെയ്യപ്പെട്ടത്. ഒരു പോയന്റ് വരെ നേടാൻ ഐസ്‌ലാന്റിനായില്ല.
ഗ്രൂപ്പ് സിയിൽ ഏകപഷീയമായ പ്രകടനത്തോടെയാണ് പോർച്ചുഗൽ സെമി ഉറപ്പിച്ചത്. ഒരു മത്സരം ഇനിയും ശേഷിക്കെ ആണ് പോർച്ചുഗൽ സെമി ഉറപ്പിച്ചത്. ഇറ്റലി രണ്ടാമതും പോളണ്ട് മൂന്നാമതുമാണ് ഗ്രൂപ്പിൽ. അവസാന മത്സരത്തിൽ പോർച്ചുഗൽ പോളണ്ടിനെ നേരിടും. വിജയിച്ചാലും ഇല്ലെങ്കിലും പോളണ്ട് റിലഗേറ്റ് ചെയ്യപ്പെടും.
ഗ്രൂപ്പ് ഡിയിൽ നാടകീയ ജയത്തോടെയാണ് ഇംഗ്ലീഷ് ടീം സെമിയിൽ എത്തിയത്. ക്രൊയേഷ്യയെ അവസാന 10 മിനുട്ടിൽ തിരിച്ചടിച്ചു തോൽപ്പിക്കുകയായിരുന്നു ഇംഗ്ലണ്ട്. ഗ്രൂപ്പിൽ സ്പെയിൻ രണ്ടാമതും ക്രൊയേഷ്യ മൂന്നാമതും ഫിനിഷ് ചെയ്തു.
സെമി ഫൈനൽ മത്സരങ്ങൾ അടുത്ത വർഷം ജൂണിൽ ആയിരിക്കും നടക്കുക.