ജർമ്മനിയുടെ പരാജയങ്ങൾ തുടർക്കഥയാകുന്നു. യുവേഫ നേഷൻസ് ലീഗിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ജർമ്മനിയെ നെതർലാൻഡ്‌സ് പരാജയപ്പെടുത്തി. പതിനാറു വർഷങ്ങൾക്ക് ശേഷമാണ് ജർമ്മനിയെ ഓറഞ്ച് പട പരാജയപ്പെടുത്തുന്നത്. ആദ്യ പകുതിയിൽ ലീഡ് നേടിയ നെതർലാൻഡ്‌സ് അവസാന അഞ്ചു മിനുട്ടിൽ രണ്ടു ഗോളുകൾ നേടി.
വിർജിൽ വാൻ ഡൈക്ക്, മെംഫിസ്ദീപേ, ജോർജിനിയോ വൈലാദും എന്നിവരാണ് നെതർലാൻഡിസിനു വേണ്ടി ഗോളടിച്ചത്. ഗോളടിക്കാനുള്ള നിരവധി അവസരങ്ങൾ പാഴാക്കിയ ജർമ്മനിക്ക് കൊടുക്കേണ്ടി വന്നത് കനത്ത വിലയാണ്. തോമസ് മുള്ളർക്കും സനേയ്ക്കും മികച്ച അവസരങ്ങളാണ് ലഭിച്ചത്.
തുടർച്ചയായ പരാജയങ്ങൾ ജർമ്മൻ പരിശീലകന്റെ തലയ്ക്കായിട്ടുള്ള മുറവിളികൾ കൂടുതൽ ശക്തമാക്കും. കോച്ചിനെ പിന്തുണയ്ക്കാൻ താരങ്ങൾ എടുക്കുന്ന എഫർട്ടിന്റെ പകുതി കളിക്കളത്തിൽ കാണിച്ചിരുന്നെങ്കിൽ മത്സരം ജയിക്കാമായിരുന്നില്ലേ എന്ന് ആരാധകർ ചോദിച്ചു തുടങ്ങി. ലോക ചാമ്പ്യന്മാരായ ഫ്രാൻസാണ് ജർമ്മനിയുടെ അടുത്ത എതിരാളികൾ.