യുഫെഫ നാഷൻസ് ലീഗിൽ നെതർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു റോബർട്ടോ മാഞ്ചിനിയുടെ ഇറ്റലി. ഇന്റർ മിലാൻ താരം നിക്കോളാസ് ബരെല്ല നേടിയ ഏക ഗോളിന് ആണ് അസൂറികൾ ജയം കണ്ടത്. മത്സരത്തിൽ പന്തടക്കത്തിൽ അടക്കം മുൻതൂക്കം നേടിയ ഇറ്റാലിയൻ പട ആദ്യ പകുതിയിൽ ഡച്ച് പടക്കു മേൽ വലിയ ആധിപത്യം ആണ് പുലർത്തിയത്. ഇൻസാഗി, ഇമ്മോബെയിൽ എന്നിവർ അവസരങ്ങൾ കണ്ടത്തി എങ്കിലും ഗോൾ മാത്രം പിറന്നില്ല. ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് ഹെഡറിലൂടെ ബരെല്ല അവർക്ക് മുൻതൂക്കം നൽകിയത്. ഇറ്റലി നടത്തിയ മികച്ച ഒരു മുന്നേറ്റത്തിൽ ആണ് മികച്ച ഈ ടീം ഗോൾ പിറന്നത്.
രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്ന് കളിച്ച ഡച്ചുകാർ മത്സരത്തിൽ അവസരങ്ങൾ തുറക്കുന്നത് കാണാൻ ആയി. എന്നാൽ നന്നായി പ്രതിരോധം തീർത്ത ഇറ്റലി അവസാനം വരെ പിടിച്ചു നിന്നു. ഇടക്ക് പ്രത്യാക്രമണം നടത്തിയ ഇറ്റലി പലപ്പോഴും ഡച്ച്ക്കാർക്ക് തലവേദനയും നൽകി. മത്സരത്തിൽ ഇറ്റലി 18 ഷോട്ടുകൾ ഉതിർത്തപ്പോൾ 11 ഷോട്ടുകൾ ആണ് ഹോളണ്ട് ഉതിർത്തത്. അതേസമയം ലീഗ് എയിലെ ആദ്യ ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ പോളണ്ട് ബോസ്നിയ ഹെർസഗോവിനക്ക് മേൽ ജയം കണ്ടു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് പോളണ്ട് ജയം കണ്ടത്. ബോസ്നിയക്ക് ആയി ഹാരിസ് ഹാർദിനോവിച്ച് ആദ്യം പെനാൽട്ടിയിലൂടെ ഗോൾ നേടിയപ്പോൾ ഗിലിക്ക് പോളണ്ടിനു സമനില ഗോൾ നൽകി. 67 മത്തെ മിനിറ്റിൽ ഗ്രോസിക്കി ആണ് ലെവൻഡോസ്കി ഇല്ലാത്ത പോളണ്ടിന്റെ വിജയഗോൾ നേടിയത്.