ലോകചാമ്പ്യന്മാരായ ഫ്രാൻസ് കരുത്തരായ ജർമ്മനിയെ നേരിടുന്ന പോരാട്ടത്തോടെ യുവേഫ നേഷൻസ് ലീഗ് ആരംഭിക്കും. ലോകകപ്പിലെ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിക്കാനാണ് ചാമ്പ്യന്മാരായ ഫ്രാൻസ് ഇറങ്ങുന്നത്. റഷ്യൻ ലോകകപ്പ് നാണക്കേടിൽ നിന്നും തിരിച്ചു വരാനാണ് മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനി ശ്രമിക്കുക.
റഷ്യയിൽ നേടിയ വിജയമാവർത്തിക്കാനാണ് ദേശ്ചാമ്പും യുവനിരയും അലയൻസിൽ ഇറങ്ങുന്നത്. റഷ്യയിൽ കപ്പുയർത്തിയ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ്, ഗോൾ കീപ്പർ സ്റ്റീവ് മണ്ടണ്ട എന്നിവർ പരിക്ക് കാരണം യുവേഫ നേഷൻസ് ലീഗിനുള്ള ടീമിലില്ല. ജർമ്മനിയോടും അതിനു ശേഷം ഹോളണ്ടിനോടുമുള്ള മത്സരങ്ങളിൽ ജയം മാത്രമാണ് ടീമിന്റെ ലക്ഷ്യം. ജർമ്മൻ പ്രതിരോധത്തിലെ പ്രകടമായ പിഴവുകൾ ലോകകപ്പിൽ പരീക്ഷിച്ച് വിജയിച്ച തുടർച്ചയായ കൗണ്ടർ അറ്റാക്കിങ്ങുകൾ കൊണ്ട് മുതലെടുക്കുവാൻ സാധിക്കുമെന്നാണ് ഫ്രാൻസിന്റെ ആത്മവിശ്വാസം.
ഗ്രൂപ്പ് സ്റ്റേജിൽ അവസാനക്കാരായി നാണംകെട്ടാണ് 2014 ലെ ചാമ്പ്യന്മാരായ ജർമ്മനി റഷ്യയിൽ നിന്നും തിരിച്ചു പോന്നത്. മ്യൂണിക്കിലെ അലയൻസ് അരീനയിൽ ആയിരങ്ങളെ സാക്ഷി നിർത്തി ഫ്രാൻസിനെ പരാജയപ്പെടുത്താനാവും ജർമ്മനിയുടെ ശ്രമം. ലോകകപ്പ് പരാജയത്തിന് ശേഷവും കോച്ചായി തുടരുന്ന ജോവാക്കിം ലോ ആവനാഴിയിലെ അവസാനയമ്പും പരീക്ഷിക്കുമെന്നുറപ്പാണ്.
ലോകകപ്പിൽ ജർമ്മനിക്ക് വേണ്ടി കളിച്ച മെസ്യൂട് ഓസിലും മരിയോ ഗോമസും അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിച്ചിരുന്നു. സനേയും ടായും പീറ്റേഴ്‌സണനുമടങ്ങുന്ന യുവതാര നിരയെയും ക്രൂസും ന്യൂയറും മുള്ളാറുമുൾപ്പെടുന്ന മുൻ ലോൿ ചാമ്പ്യന്മാരെയും ലോ ടീമിലെടുത്തിട്ടുണ്ട്. ലീഗ് എ യിലെ ഗ്രൂപ്പ് വണ്ണിൽ നിന്നും ഫ്രാൻസും ജർമ്മനിയും ഏറ്റുമുട്ടുമ്പോൾ ലീഗ് ബിയിലെ ഗ്രൂപ്പ് ഫോറിൽ അയർലൻഡ് വെയില്സിനെ നേരിടും.