ജോക്കോവിച്ച് × നിഷിക്കോരി സെമി

യുഎസ് ഓപ്പൺ ടെന്നീസിന്റെ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ജപ്പാന്റെ കീ നിഷിക്കോരി സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിടും. മുൻ ചാമ്പ്യൻ കൂടിയായ മരിയൻ സിലിച്ചിനെതിരെ 5 സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വിജയിച്ചാണ്‌ നിഷിക്കോരി സെമിയിൽ പ്രവേശിച്ചത്. യുഎസ് ഓപ്പൺ ഫൈനലിൽ സിലിച്ചിൽ നിന്നേറ്റ തോൽവിയ്ക്ക് മധുരപ്രതികാരം കൂടിയായി നിഷിക്കോരിയുടെ വിജയം. ആദ്യ സെറ്റും നാലാം സെറ്റും നഷ്ടപ്പെട്ട ശേഷം 6-4 എന്ന സ്കോറിന് നിർണ്ണായക അഞ്ചാം സെറ്റ് സ്വന്തമാക്കിയാണ് ഏഷ്യയിൽ നിന്നുള്ള താരം സെമി ഉറപ്പിച്ചത്‌. സ്‌കോർ : 2-6, 6-4,7-6,4-6,6-4.

സ്വിസ് ഇതിഹാസം റോജർ ഫെഡററെ ഞെട്ടിച്ച് കൊണ്ട് ക്വാർട്ടറിലേക്ക് എത്തിയ ഓസ്‌ട്രേലിയയുടെ ജോണ് മിൽമാന് പക്ഷേ ആ പ്രകടനം നോവാക്കിനെതിരെ പുറത്തെടുക്കാൻ സാധിച്ചില്ല. കടുത്ത ചൂടിൽ അരങ്ങേറിയ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇത്തവണത്തെ വിംബിൾഡൺ ജേതാവ് കൂടിയായ ജോക്കോവിച്ചിന്റെ വിജയം. സ്‌കോർ : 6-3,6-4,6-4.

വനിതാ വിഭാഗത്തിൽ അമേരിക്കയുടെ മാഡിസൺ കീസ് സ്‌പെയിനിന്റെ നുവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് സെമിയിൽ പ്രവേശിച്ചു. സെമിയിൽ ജപ്പാന്റെ ഒസാക്കയാണ് കീയുടെ എതിരാളി. രണ്ടാം സെമിയിൽ സെറീന സെവസ്റ്റോവയെ നേരിടും.