യുവേഫ നാഷൺസ് ലീഗിൽ ഇന്ന് കണ്ടത് ഗംഭീര മത്സരമായിരുന്നു. സെമി ഫൈനലിൽ ബെൽജിയവും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയ മത്സരം ഫ്രാൻസ് വിജയിച്ചത് ഇഞ്ച്വറി ടൈമിൽ ആയിരുന്നു. അതും രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചു കൊണ്ട്. ഇന്ന് ബെൽജിയം ഗംഭീരമായാണ് മത്സരം തുടങ്ങിയത്. 37ആം മിനുട്ടിൽ കരാസ്കോ ബെൽജിയത്തിന് ലീഡ് നൽകി. ഡി ബ്രുയിന്റെ പാസ് സ്വീകരിച്ച് കരാസ്കോ തൊടുത്ത ഷോട്ട് നിയർ പോസ്റ്റിലൂടെ വലയിൽ കയറുക ആയിരുന്നു. മൂന്ന് മിനുട്ടുകൾക്ക് അപ്പുറം ലുകാകു ബെൽജിയത്തിന്റെ ലീഡ് ഇരട്ടിയാക്കി. ഈ ഗോളും ഒരുക്കിയത് ഡി ബ്രുയിൻ ആയിരുന്നു.
രണ്ടാം പകുതിയിൽ പൊരുതാൻ ഉറച്ച് ഇറങ്ങിയ ഫ്രാൻസ് 62ആം മിനുട്ടിൽ ബെൻസീമയിലൂടെ കളിയിലേക്ക് തിരികെ വന്നു. ഏഴു മിനുട്ടുകൾക്ക് അപ്പുറം കിട്ടിയ പെനാൾട്ടി എമ്പപ്പെ ലക്ഷ്യത്തിൽ എത്തിക്കുക കൂടെ ചെയ്തപ്പോൾ സ്കോർ 2-2. പിന്നീട് വിജയ ഗോളിനായുള്ള കാത്തിരിപ്പ്. അവസാനം കളി തീരുമാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ തിയീ ഹെർണാണ്ടസിലൂടെ ഫ്രാൻസിന്റെ വിജയ ഗോൾ.
ഇനി ഒക്ടോബർ പത്തിന് ഫൈനലിൽ ഫ്രാൻസ് സ്പെയിനെ നേരിടും.