ദക്ഷിണ കൊറിയൻ ഡിഫൻഡർ കിം യുവന്റസിലേക്ക്

ഫ്രീ ട്രാൻസ്ഫറിന് പേരുകേട്ട യുവന്റസ് ഈ സീസണിൽ ആദ്യ ഫ്രീ ട്രാൻസ്ഫറിന് ഒരുങ്ങുകയാണ്. ദക്ഷിണ കൊറിയൻ ഡിഫൻഡർ ആയ കിം മിൻ ജേ ആണ് അലെഗ്രിയുടെ ടീമിലേക്ക് എത്തുന്നത്. 24കാരനായ താരം യുവന്റസുമായി കരാർ ധാരണയിൽ എത്തിയതായി കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബീജിങ് ഗുവോനിലാണ് ഇപ്പോൾ താരം കളിക്കുന്നത്‌. ചൈനീസ് ക്ലബുമായി ഡിസംബർ വരെ കിമ്മിന് കരാർ ഉണ്ട്.

എന്നാൽ താരത്തെ റിലീസ് ചെയ്ത് കൊടുക്കാൻ ചൈനീസ് ക്ലബ് തയ്യാറാണ്. നാലു വർഷത്തെ കരാർ ആകും കിം യുവന്റസിൽ ഒപ്പുവെക്കുക. താരത്തെ ആദ്യ സീസണിൽ ലോണിൽ അയക്കാൻ യുവന്റസ് ആലോചിക്കുന്നു. ഇറ്റാലിയൻ ക്ലബായ സസുവോളോ താരത്തെ ലോണിൽ സൈൻ ചെയ്യാൻ തയ്യാറാണ്. ദക്ഷിണ കൊറിയൻ ദേശീയ ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ് കിം. മോൺസ്റ്റർ എന്നാണ് കിമ്മിന് കൊറിയയിൽ ഉള്ള വിളിപ്പേര്. കൊറിയക്ക് ഒപ്പം കഴിഞ്ഞ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ താരം സ്വർണ്ണം നേടിയിരുന്നു.