ഡീൻ ഹെൻഡേഴ്സൺ യൂറോ കപ്പിൽ ഇംഗ്ലണ്ടിന്റെ വല കാക്കണം എന്ന് മൗറീനോ

ഈ യൂറോ കപ്പിൽ ഏത് ഗോൾ കീപ്പറാകും ഇംഗ്ലണ്ടിന്റെ വല കാക്കുക എന്നത് ഇനിയും തീരുമാനം ആയിട്ടില്ല. എവർട്ടൺ താരം പിക്ഫോർഡും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡീൻ ഹെൻഡേഴ്സണും വെസ്റ്റ് ബ്രോമിന്റെ സാം ജോൺസ്റ്റനുമാണ് ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് സ്ക്വാഡിൽ ഉള്ളത്. ഇതിൽ ആരെ വിശ്വസിക്കണം എന്ന കാര്യത്തിൽ ഇതുവരെ ഇംഗ്ലീഷ് പരിശീലകൻ സൗത്ഗേറ്റ് തീരുമാനം എടുത്തിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പറായ ഡീൻ ഹെൻഡേഴ്സൺ ഇംഗ്ലണ്ടിന്റെ വല കാക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് റോമയുടെ പരിശീലകൻ ജോസെ മൗറീനോ പറഞ്ഞു. താൻ ഡീൻ ഹെൻഡേഴ്സന്റെ ആരാധകൻ ആണ്‌. ഇംഗ്ലണ്ടിന്റെ ഗോൾ കീപ്പറാകാനുള്ള ഒരു അഹങ്കാരം ഹെൻഡേഴ്സണുണ്ട്. ഇതുപോലുള്ള വലിയ ടൂർണമെന്റുകൾക്ക് അത്തരത്തിൽ ഒരു കീപ്പറെ ആണ് വേണ്ടത് എന്ന് ജോസെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച രീതിയിലാണ് ഹെൻഡേഴ്സണെ വളർത്തിയത്. ലോണിൽ അയച്ച ക്ലബുകളിൽ കിട്ടിയ അവസരം ഹെൻഡേഴ്സണും ഉപയോഗിച്ചു. ജോസെ പറഞ്ഞു. ക്രൊയേഷ്യക്ക് എതിരെ ഹെൻഡേഴ്സൺ തന്നെയാകണം വല കാക്കേണ്ടത് എന്നും ജോസെ പറഞ്ഞു.