അർജന്റീനയിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന പ്രീക്വാർട്ടറിൽ ടുണീഷ്യയെ തോൽപ്പിച്ച് ആണ് ടൂർണമെന്റ് ഫേവറിറ്റുകൾ ആയ ബ്രസീൽ ക്വാർട്ടറിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ബ്രസീലിന്റെ വിജയം. 11ആം മിനുട്ടിൽ മാർകോ ലിയനാർഡോ ആണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. ഈ ഗോളോടെ ലിയനാർഡോ ടൂർണമെന്റിലെ ടോപ് സ്കോറർ ആയി മാറി.
33ആം മിനുട്ടിൽ ആൻഡ്രെ സാന്റോസിലൂടെ ബ്രസീൽ ലീഡ് ഇരട്ടിയാക്കി. അവസാന 11 മത്സരങ്ങളിൽ നിന്നുള്ള സന്റോസിന്റെ പതിനാലാം ഗോളായിരുന്നു ഇത്. 45ആം മിനുട്ടിൽ റെനാൻ ചുവപ്പ് കണ്ടതോടെ ബ്രസീൽ 10 പേരായി ചുരുങ്ങി എങ്കിലും കാനറികൾക്ക് ഒരു കോട്ടവും സംഭവിച്ചില്ല. രണ്ടാം പകുതിയിൽ അവസാനം ബ്രസീൽ സാന്റോസ് വീണ്ടും ഗോളടിച്ചു. ഇഞ്ച്വറി ടൈമിൽ സിൽവ ദോ സാന്റോസിലൂടെ വിജയം പൂർത്തിയാക്കിയ നാലാം ഗോളും ബ്രസീൽ നേടി. ഇസ്രായേലിനെ ആകും ബ്രസീൽ ക്വാർട്ടർ ഫൈനലിൽ നേരിടുക.