മയ യോഷീദ ഷാൽകെക്കൊപ്പം ചേർന്നു

ബുണ്ടസ് ലീഗയിലേക്ക് തിരികെ എത്തിയ ഷാൽകെ ജപ്പാൻ താരം മയ യോഷീദയെ കൂടാരത്തിൽ എത്തിച്ചു.സാംപ്ഡോരിയയുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ഷാൽകെ പ്രതിരോധ താരത്തെ ടീമിൽ എത്തിച്ചത്.ഒരു വർഷത്തെ കരാറിൽ ആണ് താരം ഷാൽകെയിൽ എത്തുന്നത്.

എട്ടു വർഷത്തോളം സതാംപ്ടന്റെ ഭാഗമായിരുന്ന യോഷീദ 2019ലാണ് സീരി എ ടീമിലേക്ക് ലോണടിസ്ഥാനത്തിൽ എത്തുന്നത്.പിന്നീട് സാംപ്ടോരിയ പ്രതിരോധ താരത്തെ സ്വന്തമാക്കുകയായിരുന്നു. എഴുപതോളം മത്സരങ്ങൾ സാംപ്ടോരിയക്കായി ബൂട്ട് കെട്ടി.ജപ്പാൻ ദേശിയ ടീമിന് വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലോണിൽ എത്തിച്ചിരുന്ന മറ്റൊരു ജപ്പാൻ താരം കൂടിയായ കോ ഇറ്റാകുറ ടീം വിട്ടതിന് പിറകെയാണ് ഷാൽകെ യോഷീദയെ ടീമിൽ എത്തിക്കുന്നത്. മുപ്പത്തിമൂന്ന്കാരനായ ജപ്പാൻ ദേശിയ ടീം നായകന്റെ അനുഭവസമ്പത്ത് തങ്ങൾക്ക് സഹായകമാവുമെന്ന പ്രതീക്ഷയിൽ ആണ് ഷാൽകെ.