മാനുവൽ ന്യൂയറിന്റെ പരിക്ക് തീർത്ത ആശങ്കയിൽ നിന്നും ഒടുവിൽ ബയേണിന് മോചനം. പകരക്കാരനെ കണ്ടെത്താനുള്ള ജർമൻ ടീമിന്റെ നീക്കങ്ങൾക്ക് ഫലസമാപ്തിയായി. പ്രതീക്ഷിച്ച പോലെ തന്നെ സ്വിസ് താരം യാൻ സോമ്മർ തന്നെ ബയേണിന്റെ വല കാക്കാൻ എത്തും. മോഞ്ചൻഗ്ലാഡ്ബാക്കുമായി ബയേൺ ധാരണയിൽ എത്തിയതായി ജർമൻ മാധ്യമമായ ബ്ലിക് റിപ്പോർട്ട് ചെയ്യുന്നു. എട്ട് മില്യൺ യൂറോയാണ് കൈമാറ്റ തുക. ഒന്നര മില്യണോളം വരുന്ന ആഡ് ഓണുകളും ഉണ്ട്. 2025 വരെ സോമ്മറിന് ബയേണിൽ തുടരാനാവും.
ഇതോടെ പരിച്ചയസമ്പന്നനായ ഒരു താരത്തെ തന്നെ എത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാവും ബയേൺ. ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മത്സരങ്ങൾ ടീമിന് മുന്നിലുണ്ട്. ഗ്ലാഡ്ബാക്കുമായുള്ള കരാറിന്റെ അവസാന ഘട്ടത്തിൽ എത്തിയിരുന്ന താരം നേരത്തെ തന്നെ സീസണിന് ശേഷം ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു. എട്ട് വർഷത്തോളമായി ടീമിനോടൊപ്പം ഉണ്ടായിരുന്നു മുപ്പത്തിനാലുകാരൻ. മൊണാക്കോയിൽ ലോണിൽ കളിക്കുന്ന ന്യൂബലിനെ എത്തിക്കാനുള്ള ശ്രമങ്ങൾ ഫലം കാണില്ലെന്ന് ഉറപ്പായതോടെയാണ് ബയേൺ സോമ്മറിലേക്ക് തിരിഞ്ഞത്. ലോകകപ്പ് കഴിഞ്ഞുള്ള ഇടവേളക്ക് ശേഷമാണ് മാനുവൽ ന്യുയറിന് പരിക്കേൽക്കുന്നത്. താരം സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും എന്നുറപ്പായിട്ടുണ്ട്.