കസെമിറോ ആഴ്സണലിന് എതിരെ കളിക്കില്ല

Newsroom

Picsart 23 01 19 10 43 46 918

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലെ പ്രധാന താരം കസെമിറോ അടുത്ത മത്സരത്തിൽ കളിക്കില്ല. ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിനിടയിൽ വാങ്ങിയ മഞ്ഞ കാർഡ് ആണ് കസെമിറോക്ക് തിരിച്ചടി ആയത്. അദ്ദേഹത്തിന് പ്രീമിയർ ലീഗിൽ ഇത് അഞ്ചാമത്തെ മഞ്ഞ കാർഡ് ആയിരുന്നു. അതുകൊണ്ട് തന്നെ ഒരു മത്സരത്തിൽ കസെമിറോ സസ്പെൻഷൻ നേരിടേണ്ടി വരും. ലീഗിലെ വലിയ മത്സരമായ ആഴ്സണലിന് എതിരായ പോരാട്ടം ആകും കസെമിറോക്ക് നഷ്ടമാവുക.

ഈ ഞായറാഴ്ച ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആകും കളി നടക്കുന്നത്. നേരത്തെ ഓൾഡ് ട്രാഫോർഡിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡിനായിരുന്നു വിജയം. ഈ സീസൺ ലീഗിൽ ആഴ്സണൽ പരാജയപ്പെട്ട ഏക മത്സരം അതായിരുന്നു. കസെമിറോ ഇല്ലാത്തത് യുണൈറ്റഡിന് വലിയ തിരിച്ചടി തന്നെയാകും. മക്ടോമനി ഫ്രെഡ് കൂട്ടുകെട്ടിനെ ടെൻ ഹാഗ് ആഴ്സണലിന് എതിരെ ആശ്രയിക്കാൻ ആണ് സാധ്യത കാണുന്നത്.