സ്റ്റുഗർട്ടിന്റെ ഓസ്ട്രിയൻ മുന്നേറ്റ താരം സാഷ കലായ്സിച്ച് ഇനി പ്രീമിയർ ലീഗിൽ പന്തു തട്ടും. ആറടി ഏഴിഞ്ചുകാരനായ താരത്തെ പതിനെട്ട് മില്യൺ യൂറോ ചെലവാക്കിയാണ് വോൾവ്സ് തങ്ങളുടെ പാളയത്തിൽ എത്തിക്കുന്നത്. റൗൾ ജിമിനസ് അല്ലാതെ തുടർച്ചായി ഗോൾ നേടാൻ കഴിയുന്ന മറ്റൊരു താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചത് കോച്ച് ബ്രൂണോ ലെയ്ജിന് ആശ്വാസമേകും. സമീപകാലത്തെ മികച്ച ഫോമാണ് താരത്തിൽ വോൾവ്സിന്റെ ശ്രദ്ധ എത്തിച്ചത്.
ഇരുപത്തിയഞ്ചുകാരനായ കലായ്സിച്ച് 2019ലാണ് സ്റ്റുഗർട്ടിൽ എത്തുന്നത്. ടീമിനായി അറുപത് മത്സരങ്ങളിൽ നിന്നും ഇരുപത്തിനാല് ഗോളുകൾ നേടി. 2020/21 സീസണിൽ പതിനാറ് ഗോളുമായി ലീഗിലെ ഗോൾ സ്‌കോറർമാരിൽ മുൻ നിരയിൽ ഉണ്ടായിരുന്നു. അവസാന സീസണിൽ നിരവധി മത്സരങ്ങൾ പരിക്ക് മൂലം നഷ്ടപ്പെട്ടിട്ടും ലീഗിലെ അവസാന മത്സരത്തിൽ ഗോൾ നേടി സ്റ്റുഗർട്ടിനെ ബുണ്ടസ് ലീഗയിൽ നിലനിർത്തുന്നതിന് സഹായിച്ചു.
ഓസ്ട്രിയൻ ദേശിയ ജേഴ്‌സയിൽ പതിനഞ്ച് മത്സരങ്ങളിലും കളത്തിൽ ഇറങ്ങി. വോൾവ്സിൽ എത്തിയതോടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഉയരം കൂടിയ അഞ്ചാമത്തെ താരം ആവും സാഷ. ഇതോടെ വോൾവ്സ് ട്രാൻസ്ഫർ വിൻഡോയിൽ ചെലവാക്കിയ തുക നൂറു മില്യൺ പൗണ്ട് കടന്നു.