ബ്രസീലിയൻ താരം വില്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തുന്നു. ഫുൾഹാമാണ് താരത്തിന്റെ പുതിയ തട്ടകം. സാമൂഹിക മാധ്യമങ്ങളിലൂടെ താരത്തിനും കുടുംബത്തിനും നേരെ വധ ഭീഷണി നേരിട്ടതോടെ ഈ മാസം മധ്യത്തോടെ നിലവിലെ ടീമായ കൊറിന്ത്യൻസുമായുള്ള കരാർ വില്യൻ റദ്ദാക്കിയിരുന്നു. ഇതിന് പിറകെ ഫുൾഹാമുമായി താരം ചർച്ചകൾ ആരംഭിക്കുകയായിരുന്നു. മുപ്പത്തിനാലുകാരനായ താരത്തിന് ഇതോടെ ആഴ്‌സനൽ വിട്ട് ഒരു വർഷത്തിന് ശേഷം പ്രീമിയർ ലീഗിലേക്ക് മടങ്ങി വരാൻ വഴി തുറന്നു.
വില്യനെ എത്തിക്കാൻ ഫുൾഹാം തീരുമാനിച്ചതിന് പിറകെ മെഡിക്കൽ പരിശോധനകൾക്കായി താരം ഇംഗ്ലണ്ടിൽ എത്തും. ഫ്രീ ഏജന്റ് ആയതിനാൽ ഫുൾഹാമിന് കൈമാറ്റം പൂർത്തിയാക്കാൻ ദൃതിപ്പെടേണ്ട കാര്യവും ഇല്ല.
2021ലാണ് ആഴ്‌സനൽ വിട്ട് വില്യൻ തന്റെ മുൻ ക്ലബ്ബ് ആയ കൊറിന്ത്യൻസിൽ എത്തുന്നത്. ആഴ്‌സനലിലെ മറക്കാൻ ആഗ്രഹിക്കുന്ന സീസണിന് മുൻപ് ചെൽസിക്ക് വേണ്ടി ഏഴു സീസനുകളിലായി മുന്നൂറ്റിമുപ്പതോളം മത്സരങ്ങൾ കളിച്ചു. അറുപതിലധികം ഗോളുകളും ടീമിനായി നേടി. നീല കുപ്പായത്തിൽ പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യൂറോപ്പ ലീഗ് എന്നീ കിരീടങ്ങളും നേടാൻ ആയി.