വെറ്ററൻ താരം ഇയാഗോ ഹെറെരിനെ ടീമിൽ എത്തിച്ച് വലൻസിയ. ടീമിലെ കീപ്പർ ആയിരുന്ന ഹുവാന്മേക്ക് പരിക്കേറ്റ് പുറത്തായതോടെയാണ് പകരക്കാനെ വലൻസിയ ടീമിൽ എത്തിച്ചത്. ഒരു വർഷത്തേക്കാണ് കരാർ. പരിക്കേറ്റ ഹുവാന്മേക്ക് സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും.
ഇതോടെ മുപ്പത്തിനാല്കാരനായ താരത്തിന് സ്പാനിഷ് ലീഗിലേക്ക് മടങ്ങി എത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.മുൻപ് അത്ലറ്റിക് ബിൽബാവോയുടെ കൂടെയാണ് താരം ലീഗിൽ കൂടുതൽ സമയം ചെലവിട്ടിട്ടുള്ളത്. 2007 മുതൽ 2010 വരെയും ശേഷം 2012 മുതൽ 2021 വരെയും ബിൽബാവോ താരമായിരുന്നു. എന്നാൽ ആദ്യ പതിനൊന്നിൽ സ്ഥാനം ലഭിച്ചത് വിരളമായിട്ടായിരുന്നു. 2018-19 സീസണിൽ മാത്രമാണ് തുടർച്ചായി ടീമിന്റെ വലകാക്കാൻ അവസരം ലഭിച്ചിരുന്നത്. എങ്കിലും ടീമിലെ മൂന്നാം കീപ്പർ എന്ന സ്ഥാനം പരിചയ സമ്പന്നനായ ഹെറെരിന്റെ കൈകളിൽ ഭദ്രമാകും എന്നാണ് വലൻസിയ കണക്ക് കൂടുന്നത്.