ട്രിങ്കാവോ സ്പോർട്ടിങ്ങിലേക്ക് തന്നെ, കൈമാറ്റം ഉടൻ പൂർത്തിയാകും

20220711 135545

പോർച്ചുഗീസ് വിങ്ങർ ഫ്രാൻസിസ്കോ ട്രിങ്കാവോയെ ടീമിൽ എത്തിക്കാനുള്ള സ്പോർട്ടിങ്ങിന്റെ ശ്രമങ്ങൾ വിജയത്തിലേക്ക്. ഈ തവണത്തെ താര കൈമാറ്റ വിപണിയിലെ തങ്ങളുടെ ആദ്യ ലക്ഷ്യമാക്കി സ്പോർട്ടിങ് ലിസ്ബൺ കണ്ടിരുന്ന താരമായിരുന്നു ട്രിങ്കാവോ.ഇരുപത് മില്യൺ യൂറോയാണ് പോർച്ചുഗീസ് താരത്തെ എത്തിക്കാൻ സ്പോർട്ടിങ് മുടക്കേണ്ടിയിരുന്നത്. എന്നാൽ താരത്തിനെ ഭാവിയിൽ മറ്റു ടീമുകൾക്ക് കൈമാറുന്നതിന്റെ 50% ബാഴ്‌സക്ക് അർഹതപ്പെട്ടതാകുമെന്നതിനാൽ നിലവിൽ 10 മില്യൺ യൂറോ ആണ് സ്പോർട്ടിങ് ബാഴ്‌സക്ക് കൈമാറുക.

താരം നിലവിൽ ലിസ്ബണിൽ എത്തിയതായി സൂചനകൾ ഉണ്ട്.വൈദ്യപരിശോധനയും കൈമാറ്റവും ഉടനെ പൂർത്തിയാക്കാൻ ആണ് ട്രിങ്കാവോക്കും താൽപര്യം.ഇരുപത്തിരണ്ടുകാരനെ കൈമാറുമ്പോൾ ബൈ-ബാക് ക്ലോസ് ഉൾപ്പെടുത്താനും ബാഴ്‌സ ശ്രദ്ധിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തേക്കാണ് ഈ ഉടമ്പടി നിലവിൽ ഉണ്ടാവുക. ഈ കാലയളവിൽ നിശ്ചിത തുക മുടക്കി താരത്തെ തിരിച്ചെത്തിക്കാൻ ബാഴ്‌സക്ക് സാധിക്കും.അഞ്ചു വർഷത്തെ കരാർ ആവും സ്പോർട്ടിങ് ട്രിങ്കാവോക്ക് നൽകുക.

എസ് സി ബ്രാഗയിൽ നിന്നും 2020ൽ ബാഴ്‌സയിൽ എത്തിയ താരത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാൻ ആയിരുന്നില്ല. വോൾവ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച താരം മുപ്പത് മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകൾ സ്വന്തമാക്കി.

ബ്രാഗയിലെ മുൻ കോച്ച് ആയിരുന്ന റൂബെൻ അമോരിമാണ് നിലവിൽ സ്പോർട്ടിങ്ങിന്റെ മാനേജർ ചുമതയിൽ ഉള്ളത് എന്നത് ട്രിങ്കാവോയെ സ്വാധീനിച്ചു. ലോകകപ്പ് അടുത്തിരിക്കെ കൂടുതൽ അവസരങ്ങൾ നേടാനും ഫോം വീണ്ടെടുക്കാനും ഇത് സഹായകരമാവുമെന്ന് താരം കരുതുന്നു.