എഫ്സി ബാഴ്സലോണയുടെ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യുന്ന വിഷയത്തിൽ പ്രതികരിച്ച് ലാ ലീഗ പ്രെസിഡന്റ് ഹാവിയർ ടെബാസ്. പ്ലെയർ രജിസ്ട്രേഷനിൽ ബാഴ്സലോണ ശരിയായ മാർഗത്തിലൂടെ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് ടെബാസ് പറഞ്ഞു. പക്ഷെ ഇതിന് സമയം എടുക്കും, കാര്യങ്ങൾ വിചാരിച്ച പോലെ നടക്കാൻ ബാഴ്സലോണ ഇനിയും കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കേണ്ടത് അവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
“ക്ലബ്ബിന്റെ സാമ്പത്തിക പുനരുദ്ധാരണ നടപടികളെ കുറിച്ചും ടീം വിൽക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളെ കുറിച്ചും തങ്ങൾക്ക് ബോധ്യം വന്നിട്ടുണ്ട്. എല്ലാം കൃത്യമായി നടന്നാൽ പുതിയ താരങ്ങളെ റജിസ്ട്രർ ചെയ്യാൻ ബാഴ്സലോണക്ക് സാധിക്കും.”ടെബാസ് പറഞ്ഞു. ലാ ലീഗ തുടങ്ങുന്നതിന് മുൻപ് തന്നെ എല്ലാം ചെയ്തു തീർക്കാൻ ബാഴ്സക്ക് കഴിയുമെന്ന് പ്രത്യാശിച്ച ടെബാസ് ഇനിയും അവർക്ക് മുന്നിൽ സമയം ഉണ്ടെന്നും കൂട്ടിച്ചേർത്തു. ഫ്രാങ്കി ഡി യോങ്ങിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ചും ടെബാസ് പ്രതികരിച്ചു.
ലാ ലീഗയുടെ രീതികൾ അനുസരിച്ച് ഒരിക്കലും താരങ്ങളിൽ സമ്മർദ്ദം ചെലുതാനോ അവരെ മാറ്റി നിർത്താനോ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിയമവും ധാർമികമായ ഉത്തരവാദിത്വവും ആണ്. ഈ വിഷയത്തിൽ എല്ലാ നിയമ വശങ്ങളെ കുറിച്ചും ബാഴ്സലോണക്ക് ധാരണയുണ്ടെന്നും ടെബാസ് കൂട്ടിച്ചേർത്തു.