ഇംഗ്ലീഷ് യുവതാരം സോണി പെർക്കിൻസിനെ ലീഡ്സ് യുനൈറ്റഡ് ടീമിൽ എത്തിച്ചു. താരവുമായി ലീഡ്സ് കരാറിൽ ഒപ്പിട്ടതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. വെസ്റ്റ്ഹാമുമായുള്ള പതിനെട്ടുകാരന്റെ കരാർ കഴിഞ്ഞ മാസത്തോടെ അവസാനിച്ചിരുന്നതിനാൽ ഫ്രീ ഏജന്റ് ആയാണ് താരം ലീഡ്സിൽ എത്തുന്നത്.
വെസ്റ്റ്ഹാം യൂത്ത് ടീമിലെ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ട താരമാണ് പെർക്കിൻസ്.അന്തർദേശീയ തലത്തിൽ ഇംഗ്ലണ്ടിന്റെ വിവിധ യൂത്ത് ടീമുകൾക്ക് വേണ്ടി ഇറങ്ങിയിട്ടുണ്ട്. പ്രതിഭാധനനായ താരത്തിന് പുതിയ കരാർ വെസ്റ്റ്ഹാം മുന്നോട്ടു വെച്ചിരുന്നെങ്കിലും താരം ഒപ്പിടാൻ സന്നദ്ധനല്ലായിരുന്നു. പതിനെട്ടുകാരന്റെ ആദ്യ പ്രൊഫഷണൽ കരാർ ആണ് ലീഡ്സിൽ.
ടോട്ടനവും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും യുവതാരത്തെ ടീമിൽ എത്തിക്കുന്നതിൽ അവസാന ചിരി ലീഡ്സിന്റേതായി. ഡേവിഡ് മൊയസിന് കീഴിൽ പ്രീമിയർ ലീഗിൽ അരങ്ങേറ്റവും കുറിച്ചിരുന്നു.