യുവതാരം ഗബ്രിയേൽ സ്ലോനിന ചെൽസിയിൽ വലകാക്കും

വലിയ ഭാവി പ്രവചിക്കപ്പെടുന്ന അമേരിക്കൻ യുവ ഗോൾകീപ്പർ ഗബ്രിയേൽ സ്ലൊനിന ചെൽസിയിലേക്ക് എത്തും എന്ന് ഉറപ്പായി. സ്ലൊനിന ചെൽസിയുമായി ദീർഘകാല കരാർ ഒപ്പുവെച്ചു. അമേരിക്കൻ ക്ലബായ ചിക്കാഗോ ഫയറിന്റെ താരം ഈ സീസൺ ചികാഗോയ്ക്ക് ഒപ്പം പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ ആകും ചെൽസിയിൽ എത്തുക.

റയൽ മാഡ്രിഡിന്റെ ബിഡുകൾ മറികടന്നാണ് അമേരിക്കൻ ക്ലബായ ചികാഗോ ഫയറിൽ നിന്ന് സ്ലൊനിനയെ ചെൽസി സ്വന്തമാക്കുന്നത്. 18കാരനായ താരത്തിനായി ചെൽസി 15 മില്യൺ പൗണ്ടോളം നൽകും. ചികാഗോ ഫയറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാകും ഇത്. 2016 മുതൽ താരം ചിക്കാഗോ ഫയറിനൊപ്പം ഉണ്ട്. 2021ൽ ചിക്കാഗോയ്ക്ക് വേണ്ടി എം എൽ എസിലെ അരങ്ങേറ്റം നടത്തി.