നെയ്മർ സൗദി അറേബ്യയിലേക്ക് തന്നെ. നെയ്മർ അൽ ഹിലാലിലേക്കുള്ള നീക്കം പൂർത്തിയാക്കിയതായി ഫബ്രൊസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 2026വരെ നീണ്ടു നിൽക്കുന്ന കരാറ്റ് അൽ ഹിലാലിൽ നെയ്മർ ഒപ്പുവെക്കും. രണ്ട് വർഷത്തിനുള്ള 320 മില്യൺ യൂറോ നെയ്മറിന് വേതനമായി ലഭിക്കും. പി എസ് ജിക്ക് 100 മില്യൺ ട്രാൻസ്ഫർ ഫീ ആയും ലഭിക്കും. നെയ്മർ 10ആം നമ്പർ ജേഴ്സി ആകും ക്ലബിൽ അണിയുക. അടുത്ത ദിവസങ്ങളിൽ തന്നെ നെയ്മർ സൗദിയിൽ എത്തി ക്ലബിനൊപ്പം ചേരും.
ഈ നീക്കം സൗദി അറേബ്യ ഫുട്ബോൾ മാപ്പിൽ പ്രധാന രാജ്യമായി മാറുകയാണ് എന്ന് അടിവര ഇടുകയാണ്. കഴിഞ്ഞ ജനുവരിയിൽ റൊണാൾഡോ എത്തിയത് മുതൽ ഒഴുകി എത്തുന്ന സൂപ്പർ താരങ്ങളുടെ നിരയിൽ നെയ്മർ അവസാനത്തെ പേരാണ്. സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന സൗദി ട്രാൻസ്ഫർ വിൻഡോ അവസാനുക്കുമ്പോഴേക്ക് ഇനിയും വലിയ ട്രാൻസ്ഫറുകൾ സൗദി ക്ലബുകൾ നടത്താം.
നെയ്മറിന് ബാഴ്സലോണയിൽ പോകാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ബാഴ്സലോണ നെയ്മറിനു മുന്നിൽ വെച്ച ഓഫർ അൽ ഹിലാലിന്റെ ഓഫറിനെ വെച്ച് നോക്കുമ്പോൾ വളരെ കുറവായിരുന്നു. മാത്രമല്ല ബാഴ്സലോണ ഔദ്യോഗികമായി ഓഫർ സമർപ്പിച്ചതുമില്ല.
2017ൽ പി എസ് ജിയ എത്തിയ നെയ്മർ അവസാന സീസൺ മുതൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. പി എസ് ജി ആരാധകരുമായുള്ള മോശം ബന്ധമാണ് നെയ്മർ ക്ലബ് വിടാനുള്ള പ്രധാന കാരണം. അൽ ഹിലാൽ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്ലബാണ്. ഇതിനകം റൂബൻ നെവസ്, സാവിച്, മാൽകോം എന്നിവരെയെല്ലാം ടീമിൽ എത്തിച്ച അൽ ഹിലാൽ നെയ്മർ കൂടെ എത്തിയാൽ കൂടുതൽ ശക്തരാകും. അവർ വെറാട്ടി, മിട്രോവിച് എന്നിവരെയും ടീമിൽ എത്തിക്കാൻ നോക്കുന്നുണ്ട്.