സാങ്കേതിക കുറുക്കുകളിൽ തട്ടി ബ്രസീലിയൻ യുവ താരം ആന്ദ്രേ സാന്റോസിന്റെ പ്രീമിയർ ലീഗിലേക്കുള്ള വരവ് താമസിക്കും. വർക്ക് പെർമിറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചെൽസിയുടെ രണ്ടാമത്തെ നീക്കവും ഫലം കാണാതെ വന്നതോടെയാണ് താരത്തിന്റെ യൂറോപ്യൻ സ്വപ്നങ്ങൾ താല്ക്കാലികമായി പൊലിഞ്ഞത്. ഇതോടെ താരത്തെ ലോണിൽ ബ്രസീലിലേക്ക് തന്നെ അയക്കാൻ ആണ് ചെൽസിയുടെ തീരുമാനം. പാൽമിറാസിൽ ആവും താരം തുടർന്ന് പന്തു തട്ടുക. മെഡിക്കൽ പരിശോധനകളും അടുത്ത വാരം തന്നെ നിശ്ചയിച്ചിട്ടുണ്ട്.
ഡിസംബറിൽ ബ്രസീലിലെ നിലവിലെ സീസൺ പൂർത്തിയവുന്നത് വരെ ആവും താരത്തിന്റെ ലോൺ കാലവധി. എന്നാൽ ജൂണിൽ താരത്തെ തിരിച്ചു വിളിക്കാനുള്ള സാധ്യതയും കരാറിൽ ചേർത്തിട്ടുണ്ടെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ അവസാനിച്ച അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീലിനെ നയിച്ച സാന്റോസ്, ആറു ഗോളുകളുമായി ടീമിനെ ജേതാക്കൾ ആക്കാനും സഹായിച്ചു. വാസ്കോഡ ഗാമ താരമായിരുന്ന സാന്റോസിനെ ബ്രസീലിലെ അടുത്ത തലമുറയിലെ പ്രതിഭകളിൽ ഒരാളായാണ് കണക്കാക്കുന്നത്.