കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ റെക്കോർഡ് സൈനിങ് നടത്തിയ നോട്ടിങ്ഹാം ഫോറെസ്റ്റ് ജനുവരിയിലും പുതിയ താരങ്ങളെ എത്തിക്കുന്നത് തുടരുന്നു. പാൽമിറാസിന്റെ മധ്യനിര താരം ഡാനിലോ ആണ് ടീം പുതുതായി നോട്ടമിട്ട താരം. കൈമാറ്റത്തിന് ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. നേരത്തെ താരത്തെ ലോണിൽ എത്തിക്കാൻ ആയിരുന്നു ഇംഗ്ലീഷ് ടീമിന്റെ ശ്രമം എങ്കിലും പിന്നീട് ഡാനിലോയെ സ്വന്തമാക്കാൻ തന്നെ അവർ തീരുമാനിക്കുകയായിരുന്നു. ഏകദേശം പതിനെട്ട് മില്യൺ യൂറോയോളമാണ് കൈമാറ്റ തുക എന്നാണ് സൂചനകൾ. ഇത് ആഡ് ഓണുകൾ അടക്കം ഇരുപത് മില്യൺ കടന്നേക്കും.
ഇരുപത്തിയൊന്നുകാരനായ ഡാനിലോ 2020 മുതൽ പാൽമീറാസ് സീനിയർ ടീമിന്റെ ഭാഗമാണ്. നൂറ്റിമുപ്പതോളം മത്സരങ്ങൾ ടീമിന്റെ ജേഴ്‌സി അണിഞ്ഞ താരം പന്ത്രണ്ട് ഗോളുകളും സ്വന്തം പേരിലാക്കി. അവസാന നിമിഷം മൊണാക്കോയിൽ നിന്നും വെല്ലുവിളി ഉയർന്നെങ്കിലും താരവുമായി ധാരണയിൽ എത്താൻ നോട്ടിങ്ഹാമിനായി. നേരത്തെ മധ്യനിര താരം ഗുസ്താവോ സ്കാർപയേയും ജനുവരിയിൽ നോട്ടിങ്ഹാം ടീമിലേക്ക് എത്തിച്ചിരുന്നു.