സക്സേനയുടെ ചിറകിലേറി കേരളം, സർവീസസിനെ തകർത്തെറിഞ്ഞ ജയം!!

Rishad

Picsart 23 01 05 12 24 33 372
Download the Fanport app now!
Appstore Badge
Google Play Badge 1

തുമ്പ : മാന്ത്രിക വിരലുകളുമായി ജലജ് സക്സേന, രണ്ടാം ഇന്നിംഗ്സിൽ മാത്രം 8 വിക്കറ്റ്!! 341 ലക്ഷ്യം പിന്തുടർന്ന സർവീസസിനെ 136 റൺസിന് ചുരുട്ടിക്കൂട്ടി കേരളം 204 റൺസിന്റെ വിജയം സ്വന്തമാക്കി.

കരുതലോടെ ബാറ്റിങ് തുടങ്ങിയ സർവീസിന് ആദ്യ വിക്കറ്റ് ടീം സ്കോർ 61ൽ നിൽക്കെ നഷ്ടമായി. വൈശാഖ് ചന്ദ്രന്റെ പന്തിൽ സബ് ഫീൽഡറായ യുവതാരം ഷോൺ റോജർ ക്യാച്ച് എടുത്ത് സർവീസസ് ഓപ്പണർ എസ്‌ ജി രോഹില്ലയെ (28 റൺസ്) പുറത്താക്കി.

Picsart 23 01 05 12 24 20 191

പിന്നീടങ്ങോട്ട് സർവ്വം ജലജ് ജാലവിദ്യ! രവി ചൌഹാനെയും (7 റൺസ്) തുടർന്ന് വന്ന രാഹുൽ‌ സിങിനെയും (7 റൺസ്) വിക്കറ്റിന് മുന്നിൽ കുടുക്കിയ ജലജ് സക്സേന, സർവീസസ് ക്യാപ്റ്റൻ രജത് പലിവാളിനെ റൺസൊന്നും എടുക്കും മുൻപേ തന്നെ സൽമാൻ നിസാറിന്റെ കൈകളിലേക്ക് എത്തിച്ചു. പിന്നീട്, കേരള ബൗളർമാരെ സമർത്ഥമായി നേരിട്ട് അർധ ശതകം പൂർത്തിയാക്കി സർവീസസിനെ മുന്നോട്ട് നയിച്ച സുഫിയാൻ അലത്തെ (52 റൺസ്) റണ്ണൗട്ടാക്കിയതും ജലജ് സക്സേന തന്നെ. സുഫിയാൻ പുറത്താകുമ്പോൾ 5-98 എന്ന നിലയിൽ നിന്ന സർവീസസിനെ തന്റെ പന്ത്രാണ്ടാം ഓവറിൽ 2 വിക്കറ്റ് കൂടി വീഴത്തി സക്സേന 110/7 എന്ന നിലയിലേക്ക് താഴ്ത്തി. വിക്കറ്റ് കീപ്പർ എൽ എസ്‌ കുമാറിന്റെ (5 റൺസ്) കുറ്റി തെറിപ്പിച്ച ശേഷം, പുൽകിത് നാരംഗിനെ (6 റൺസ്) സൽമാൻ നിസാറിന്റെ കൈകളിലേക്ക് എത്തിച്ച് തന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ഇരുപത്തിയേഴാം 5 വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

Kerala Ranji team, Ranji Team, രഞ്ജി ട്രോഫി, കേരളം, Kerala
കേരള ടീം ©KCA

110/7 എന്ന നിലയിൽ ലഞ്ചിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച സർവീസസിന് മൂന്നാം ഓവറിൽ തന്നെ എം എസ്‌ രതി (1 റൺസ്) നഷ്ടമായി. ജലജ് സക്സേനയുടെ പന്തിൽ, കേരള ക്യാപ്റ്റൻ സിജോമോൻ ജോസഫിനായിരുന്നു ക്യാച്ച്. ശേഷം, അർപിത് ഗുലേറിയയെ (1 റൺസ്) രോഹൻ പ്രേമിന്റെ കൈകളിലേക്കും എത്തിച്ച സക്സേന, കൂറ്റനടികൾക്ക് ശ്രമിച്ചിരുന്ന പി എസ്‌ പൂനിയയുടെ (18 റൺസ്) വിക്കറ്റ് തെറിപ്പിച്ച് കേരള വിജയം പൂർത്തിയാക്കി.

Picsart 23 01 12 20 01 12 376

ആദ്യ ഇന്നിംഗ്സിൽ 4/19 എന്ന നിലയിൽ ബാറ്റിംഗ് തകർന്ന കേരളത്തിനെ 327 റൺസിലേക്ക് എത്തിച്ചത്, 159 റൺസ് നേടിയ‌ സച്ചിൻ ബേബിയാണ്. അർധ ശതകം നേടിയ സിജോമോൻ ജോസഫും (55 റൺസ്) മധ്യനിര ബാറ്റർ സൽമാൻ നിസാറും (42 റൺസ്) മികച്ച പിന്തുണ നൽകി. പിന്നീട്, സ്കസേനയും സിജോമോൻ ജോസഫും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി 229 റൺസിന് സർവീസസിനെ പുറത്താക്കി 98 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. കേരള രണ്ടാം ഇന്നിംഗ്സിലും 93 റൺസോടെ സച്ചിൻ ബേബിയാണ് മികച്ച് നിന്നത്. 48 റൺസോടെ‌ ഗോവിന്ദ് വത്സലും, 40 റൺസോടെ സൽമാൻ നിസാറും നല്ല പിന്തുണ നൽകി.

രണ്ട് ഇന്നിംസിലുമായി 11 വിക്കറ്റ് നേടിയ ജലജ് സക്സേനയും 252 റൺസ് നേടിയ സച്ചിൻ ബേബിയുമാണ് ഈ മത്സരത്തിലെ വിജയശില്പികൾ. കളിയിലെ താരമായി സച്ചിൻ ബേബിയെ തിരഞ്ഞെടുത്തു. ഇനി കർണാടകയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം‌.