വലവീശൽ തുടർന്ന് പിഎസ്‌വി, ലൂക്ക് ഡിയോങ്ങിനേയും ടീമിൽ എത്തിച്ചു

20220702 111541

പുതിയ കോച്ച് റൂഡ് വാൻ നിസ്റ്റൽറൂയിക്ക് വേണ്ടി ടീം ശക്തിപ്പെടുത്താനുള്ള അക്ഷീണ പ്രയത്നത്തിലാണ് പിഎസ്‌വി ഐന്തോവൻ. സാവി സിമൺസ്, വാൾട്ടർ ബെനിറ്റ്സ്, കി ഹാന ഹോയ്വെർ എന്നിവരെ ടീമിൽ എത്തിച്ചതിന് പുറമെ കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കായി നിർണായക ഗോളുകൾ നേടിയ ലൂക്ക് ഡിയോങ്ങിനേയും പിഎസ്‌വി ടീമിൽ എത്തിച്ചു.

ബാഴ്സയിലെ ലോൺ കാലാവധി കഴിഞ്ഞു സെവിയ്യയിൽ തിരിച്ചെത്തിയ താരത്തിന് മെക്സിക്കൻ ലീഗിൽ നിന്നടക്കം ഓഫർ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തള്ളികളഞ്ഞു യൂറോപ്പിൽ തന്നെ നിൽക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. അതിനിടെയാണ് പിഎസ്‌വി തങ്ങളുടെ മുൻ താരം കൂടിയായ സ്‌ട്രൈക്കറെ ടീമിൽ തിരിച്ചെത്തിക്കാൻ തീരുമാനിച്ചത്. സെവിയ്യയിലേക്ക് കൂടുമാറുന്നതിന് അഞ്ചു സീസണുകളിൽ പിഎസ്‌വിക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്.

ഏകദേശം നാല് മില്യൺ യൂറോക്കാണ് സെവിയ്യ ഡിയോങ്ങിനെ കൈമാറുന്നത്. സെവിയക്കായി പത്തൊൻപത് ഗോളുകൾ നേടി. അവസാന സീസണിൽ ബാഴ്‌സക്കായി പലപ്പോഴും സൂപ്പർ സബ്ബിന്റെ രൂപത്തിൽ ടീമിന്റെ രക്ഷക്കെത്തി.