ഇത്തവണ ട്രാൻസ്ഫർ വിൻഡോയിലെ തങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്നായ സ്പാനിഷ് താരം പെഡ്രോ പൊറോക്ക് വേണ്ടിയുള്ള നീക്കങ്ങളുമായി ടോട്ടനം മുന്നോട്ട്. സ്പോർട്ടിങ്ങുമായുള്ള ചർച്ചകൾ ടോട്ടനം നടത്തി വരികയാണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് കൈമാറ്റത്തിൽ സമ്മതമാണെങ്കിലും കൈമാറ്റ തുകയിൽ തട്ടിയാണ് ചർച്ചകൾ നീണ്ടു പോകുന്നത് എന്നാണ് സൂചനകൾ. നാല്പത്തിയഞ്ചു മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ഇത് പൂർണമായും നൽകിയാൽ പൊറോയെ വിട്ടു നൽകാൻ സ്പോർട്ടിങ്ങിന് സമ്മതമാണ്. എന്നാൽ ഒറ്റ തവണയിൽ തുക മുഴുവനായി നൽകാൻ ടോട്ടനത്തിന് ഇതുവരെ താൽപര്യമില്ല. ഈ വാരം തന്നെ ടീമുകൾ തമ്മിലുള്ള തുടർ ചർച്ചകൾ നടക്കും.
റൈറ്റ് ബാക്ക് സ്ഥാനത്ത് തുടർച്ചയായി തിരിച്ചടികൾ നേരിടാൻ തുടങ്ങിയതോടെയാണ് ടോട്ടനം പുതിയ താരങ്ങളെ അന്വേഷിച്ച് ഇറങ്ങിയത്. എമേഴ്‌സനും ദോഹർടിക്കും ടീമിന് കാര്യമായ സംഭാവനകൾ നൽകാൻ സാധിക്കുന്നില്ല. ജിറോണയിലെ മികച്ച പ്രകടനത്തോടെ 2019ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ പൊറോ തുടർന്ന് ലോണിൽ പോവുകയായിരുന്നു. 2020 മുതൽ സ്പോർട്ടിങ് നിരയിൽ ഉണ്ട്. ഇത്തവണ സീസണിൽ ഒരു ഗോളും അഞ്ച് അസിസ്റ്റുമായി മികച്ച ഫോമിലാണ് പൊറോ. ആകെ തൊണ്ണൂറോളം മത്സരങ്ങളിൽ നിന്നും പതിനൊന്ന് ഗോളും പത്തൊൻപത് അസിസ്റ്റും സ്പോർട്ടിങ് ജേഴ്‌സിയിൽ കുറിച്ചിട്ടുണ്ട്. റൈറ്റ് ബാക്ക് ആയും വിങ് ബാക്ക് ആയും ഒരു പോലെ തിളങ്ങാൻ കഴിയുന്ന താരത്തെ കോന്റെയുടെ പദ്ധതികൾ ഇണങ്ങുന്ന താരമായാണ് ടോട്ടനം വിലയിരുത്തുന്നത്.