ഓസ്കറിന് വേണ്ടി ഫ്ലെമെങ്ങോ രംഗത്ത്

20220717 221356

ചൈനീസ് വാസം അവസാനിപ്പിച്ച് ബ്രസീലിയൻ താരം ഓസ്കാർ സ്വന്തം രാജ്യത്തേക്ക് മടങ്ങിയേക്കും. താരത്തിന്റെ ടീമായ ഷാങ്ഹായ് പോർട് എഫ്.സിയുമായി ഫ്ലെമെങ്ങോ ചർച്ചകൾ ആരംഭിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. മുപ്പതുകാരനും ഈ കൈമാറ്റത്തിന് സന്നദ്ധനാണ്. ലോണിൽ താരത്തെ സ്വന്തമാക്കാനാവും ഫ്ലെമെങ്ങോ ശ്രമിക്കുക എന്നാണ് സൂചനകൾ.

അഞ്ചു വർഷം ചെൽസിക്കായി ബൂട്ടുകെട്ടിയ ശേഷം 2017ലാണ് ഷാങ്ഹായ് പോർട്ടിലേക്ക് ഓസ്കാർ ചേക്കേറുന്നത്. നൂറ്റിഎഴുപതോളം മത്സരങ്ങൾ ചൈനീസ് ടീമിനായി ഇറങ്ങി. 2024 വരെ ഷാങ്ഹായ് പോർടുമായി താരത്തിന് കരാർ ബാക്കിയുണ്ട്.

അതേ സമയം വമ്പൻ താരങ്ങളെ എത്തിക്കാനുള്ള നീക്കങ്ങൾ ഫ്ലെമേങ്ങോ ഈ ട്രാൻസ്ഫർ വിന്റോയിൽ തുടരുകയാണ്. ആർതുറോ വിഡാലിനെ ടീമിൽ എത്തിക്കുന്നതിൽ അവർ വിജയിച്ചിരുന്നു. ബ്രസീലിയൻ അന്തർദേശീയ താരം എവർടൻ സോറെസിനെ ബെൻഫിക്കയിൽ നിന്നും എത്തിച്ചത് ജൂൺ മാസത്തിലാണ്. സീസണിൽ പതിനേഴ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏഴാം സ്ഥാനത്താണ് ഫ്ലെമെങ്ങോ. ടീം ശക്തിപ്പെടുത്തി ആദ്യ സ്ഥാനങ്ങളിലേക്ക് കുതിക്കാനാണ് അവർ ലക്ഷ്യമിടുന്നത്.