ഐ എസ് എല്ലിനെ വിറപ്പിച്ച ഒഗ്ബെചെ ഇനി കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ അടിക്കും!!!

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സ്റ്റാർ സ്ട്രൈക്കർ ഒഗ്ബെചെ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബുമായുള്ള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഒഗ്ബെചെ നേരത്തെ തന്നെ തന്റെ മുൻ ക്ലബ് വിട്ടിരുന്നു. പല ക്ലബുകളും ഒഗ്ബെചെയ്ക്ക് വേണ്ടി മുന്നിട്ട് വന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സിൽ വരാൻ താരം തീരുമാനിക്കുകയായിരുന്നു.

ഒഗ്ബെചെയുടെ ട്രാൻസ്ഫറുകൾ കൈകാര്യം ചെയ്യുന്ന ഏജൻസി താരത്തിന്റെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ നോർത്ത് ഈസ്റ്റ് പരിശീലകൻ ഷറ്റോരിയുടെ കേരള ബ്ലാസ്റ്റേഴ്സിലെ സാന്നിദ്ധ്യമാണ് താരത്തെ കേരളത്തിൽ എത്തിക്കുന്നത്. ഷറ്റോരിക്ക് കീഴിൽ ആയിരുന്നു ഒഗ്ബെചെ തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നത്. ഒഗ്ബെചെയും ഷറ്റോരിയും തമ്മിലുള്ള സൗഹൃദ ബന്ധവും കരാറിലേക്ക് നയിക്കാൻ സഹായിച്ചു.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിന്റെ ക്യാപ്റ്റനായിരുന്നു ഒഗ്ബെചെ. നോർത്ത് ഈസ്റ്റിനെ ആദ്യമായി പ്ലേ ഓഫിൽ എത്തിക്കാനും ഒഗ്ബചെയ്ക്കായിരുന്നു. നൈജീരിയക്കാരനായ ഒഗ്ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയർ ടീമിൽ അറുപതിലധികം മത്സരങ്ങളും ഒഗ്ബെചെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനായി 12 ഗോളുകൾ ആണ് താരം അടിച്ചു കൂട്ടിയത്.