സെനഗൽ താരം നിക്കോളാസ് ജാക്ക്സനെ എത്തിക്കാനുള്ള ചെൽസിയുടെ നീക്കങ്ങൾ വിജയം കണ്ടു. വിയ്യാറയലുമായും താരവുമായും ചെൽസി ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ജാക്സന്റെ റിലീസ് ക്ലോസ് ആയ 35 മില്യൺ യൂറോ കൂടാതെ അധികം തുക നൽകാനും ചെൽസി തയ്യാറായിട്ടുണ്ട്. ഈ വാരം താരത്തിന്റെ വൈദ്യ പരിശോധന കൂടി തീരുന്നതോടെ ചെൽസിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം എത്തും.
അടുത്തിടെ ചെൽസി പുതിയ താരങ്ങളെ എത്തിച്ച അതേ രീതിയിൽ തന്നെ ആവും വിയ്യാറയലുമായും ഇടപാടുകൾ നടത്തുക. പലഘട്ടങ്ങളിലായി കൈമാറ്റ തുക നൽകുന്ന ചെൽസി താരത്തിന് ദീർഘകാല കരാർ ആണ് നൽകുകയെന്ന് റൊമാനോ ചൂണ്ടിക്കാണിക്കുന്നു. അഞ്ചോ ആറോ വർഷത്തിൽ കൂടുതൽ ആയിരിക്കും സെനഗൽ താരത്തിന്റെ ചെൽസിയിലെ കരാർ. രണ്ടു മില്യണോളം വരുന്ന തുകയാണ് റിലീസ് ക്ലോസിന് പുറമെ ചെൽസി നൽകുക. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ നേടി ലാ ലീഗയിൽ തകർപ്പൻ ഫോമിൽ ആയിരുന്നു താരം. ഗോൾ നേടുന്നതിന് പുറമെ അപാരമായ ഡ്രിബ്ലിങ് പാടവവും താരത്തിന്റെ പ്രത്യേകതയാണ്.