സതാംപ്ടൺ യുവതാരം ടിനോ ലിവ്രമെന്റോ ടീം വിടുന്നു. ടീം ആവശ്യപ്പെട്ട 35 മില്യൺ പൗണ്ട് എന്ന കൈമാറ്റ തുക ന്യൂകാസിൽ അംഗീകരിച്ചതോടെയാണ് ട്രാൻസ്ഫെറിന് വഴി ഒരുങ്ങിയിരിക്കുന്നത് എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് മില്യണോളം വരുന്ന ആഡ് ഓണുകളും ഉണ്ടാവും. താരവുമായി നേരത്തെ തന്നെ ന്യൂകാസിൽ വ്യക്തിപരമായ കരാറിൽ ധാരണയിൽ എത്തിയിരുന്നു. 20കാരന് ദീർഘകാല കരാർ തന്നെയാണ് ന്യൂകാസിൽ നൽകുക. താരത്തിന്റെ നിലവിലെ കൈമാറ്റ തുകയുടെ 40% മുൻ ക്ലബ്ബ് ആയ ചെൽസിക്ക് നൽകേണ്ടി വരുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
റൈറ്റ് ബാക്ക് സ്ഥാനത്ത് തിളങ്ങുന്ന ലിവ്രമെന്റോ 2021ലാണ് ചെൽസി വിട്ട് സതാംപ്ടണിൽ എത്തുന്നത്. ആദ്യ സീസണിൽ തന്നെ മുപ്പതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. എന്നാൽ കഴിഞ്ഞ സീസണിൽ സതാംപ്ടണിന്റെ മോശം ഫോമിനൊപ്പം താരത്തിന്റെ പരിക്കും തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമവും ടീമിന് വലിയ തിരിച്ചടി ആയിരുന്നു. ആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളത്തിൽ ഇറങ്ങിയത്. താരം ഉടൻ ന്യൂകാസിലിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കും. ടോണാലി, ഹാർവി ബാൺസ് എന്നിവർക്ക് ശേഷം ന്യൂകാസിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിക്കുന്ന മൂന്നാമത്തെ താരമാണ് ലിവ്രമെന്റോ. നിലവിൽ ഇതേ സ്ഥാനത്ത് കളിക്കുന്ന 32കാരനായ ട്രിപ്പിയനറിന്റെ പിൻഗാമി ആയിട്ടാണ് എഡി ഹോവും സംഘവും താരത്തെ കാണുന്നത്.