നാപോളിയുടെ വല കാക്കാൻ കെയ്‌ലർ നവാസ് എത്തിയേക്കും

ഗോൾ വലക്ക് കീഴിൽ പുതിയ താരങ്ങളെ തേടുന്ന നാപോളി പിഎസ്ജിയിൽ നിന്നും കെയ്‌ലർ നവാസിനെ എത്തിച്ചേക്കും. താരത്തെ എത്തിക്കാനുള്ള ചർച്ചകളിൽ ടീം വളരെ മുന്നോട്ടു പോയെന്ന് ഡി മർസിയോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ചെൽസി താരം കെപ്പയെ എത്തിക്കാനുള്ള നീക്കത്തിൽ നിന്ന് നാപോളി പിന്മാറിയേക്കും. ഡേവിഡ് ഓസ്പിന ടീം വിട്ടത്തിന് പിറകെ ഗോൾ കീപ്പർമാർക്കായുള്ള തിരച്ചിലിൽ ആയിരുന്നു നാപോളി. നേരത്തെ ജനോവയുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയിരുന്ന കീപ്പർ സിരിഗുവിനെയും നാപോളി ടീമിൽ എത്തിച്ചിരുന്നു. പിഎസ്ജിയിൽ ഡോന്നാറുമക്ക് കീഴിൽ രണ്ടാം കീപ്പർ ആയി തുടരാൻ ഇഷ്ടപ്പെടാത്ത നവാസ് പുതിയ തട്ടകം തേടിക്കൊണ്ടിരിക്കുകയായിരുന്നു.

2019ലാണ് റയൽ മാഡ്രിഡ് വിട്ട കെയ്‌ലർ നവാസ് പാരീസിലേക്ക് എത്തുന്നത്. മൂന്ന് സീസണുകളിലായി നൂറോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. ഡോന്നാറുമ എത്തിയതോടെ രണ്ടാം കീപ്പർ ആയി ഒതുങ്ങുമെന്ന് ഉറപ്പായ നവാസ് ടീം വിടാനുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. താരത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായി പിഎസ്ജി കോച്ച് ഗാൾട്ടിയർ പറഞ്ഞു. താരത്തിൽ താൽപര്യം അറിയിച്ച് വിവിധ ടീമുകൾ വന്നിട്ടുണ്ട്. മികച്ചൊരു കീപ്പർ ആയ അദ്ദേഹം രണ്ടാം സ്ഥാനക്കാരാവാൻ ആഗ്രഹിക്കുന്നുണ്ടാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlight: 🚨 Napoli are close to sealing a deal to sign Keylor Navas.