ബെൽജിയൻ താരം നൈൻഗോളൻ ഇനി ബെൽജിയത്തിൽ തന്നെ ക്ലബ് ഫുട്ബോൾ കളിക്കും. ബെൽജിയൻ ക്ലബായ ആന്റ്വേർപ് ആണ് നൈങോളനെ സ്വന്തമാക്കിയിരിക്കുന്നത്. താരം അവിടെ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു. നൈങോളനെ ഇന്റർ മിലാൻ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. താരത്തിന് ഇനിയും കരാർ ബാക്കിയുണ്ട് എങ്കിലും താരത്തെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഇറ്റാലിയൻ ക്ലബായ കലിയരിയിലേക്ക് നൈൻഗോളൻ പോകും എന്നായിരുന്നു കരുതിയത്. എന്നാൽ അവസാനം താരം തീരുമാനം മാറ്റുകയായിരുന്നു. അവസാന രണ്ടു സീസണിലും കലിയരിയിൽ ആയിരുന്നു നൈങോളൻ ലോണിൽ കളിച്ചത്.
മൂന്ന് വർഷം മുമ്പ് റോമയിൽ നിന്ന് വലിയ പ്രതീക്ഷയിൽ ആയിരുന്നു നൈങോളൻ ഇന്റർ മിലാനിൽ എത്തിയത്. എന്നാൽ താരത്തിന് അവിടെ കാര്യമായി തിളങ്ങാൻ ആയില്ല. ആകെ 41 മത്സരങ്ങൾ മാത്രമാണ് താരം ഇന്ററിനായി കളിച്ചത്. ഇതിനിടയിൽ താരം ഇന്റർ മിലാൻ മാനേജ്മെന്റുമായി ഉടക്കുകയും ചെയ്തു.