മനു കോനെ ഗ്ലാഡ്ബാച് വിട്ടേക്കും, വമ്പന്മാർ പിറകെ

Nihal Basheer

20230327 200342

ഫ്രഞ്ച് യുവതാരം മനു കോനെ ബറൂസിയ മോഞ്ചൻഗ്ലാഡ്ബാക് വിട്ടേക്കും. ഫാബ്രിസിയോ റൊമാനോ ആണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. സീസൺ അവസാനിക്കുന്നതോടെ ടീം വിടുന്ന ഇരുപത്തിയൊന്നുകാരന് അൻപത് മില്യൺ യൂറോയോളമാണ് ജർമൻ ടീം പ്രതീക്ഷിക്കുന്നത്. നിലവിൽ ചെൽസി, പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾ ആണ് താരത്തിന് പിറകെ ഉള്ളത്. ബിൽഡ്, ബിബിസി തുടങ്ങി പ്രമുഖ മാധ്യമങ്ങളും ചെൽസി താരത്തിന് പിറകെ ഉള്ളതായി നേരത്തെ സൂചന നൽകിയിരുന്നു. ലിവർപൂളിനും താരത്തിൽ നോട്ടമുണ്ട്.

3408

ടോലൂസെയിലൂടെ സീനിയർ കരിയർ ആരംഭിച്ച കോനെ, 2021ലാണ് മോഞ്ചൻഗ്ലാഡ്ബാക്കിലേക്ക് എത്തുന്നത്. ടീമിനായി അൻപതോളം മത്സരങ്ങൾ കളിച്ചു. ജനുവരിയിൽ ലിവർപൂൾ താരത്തെ എത്തിക്കാൻ ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ യൂറോപ്പിലെ പല വമ്പന്മാരും താരത്തെ നോട്ടമിട്ടിട്ടുണ്ട്. ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്തെ പ്രകടനം ആണ് ടീമുകളുടെ റഡാറിൽ താരത്തെ കൊണ്ടു വന്നത്. മോഞ്ചൻഗ്ലാഡ്ബാക് ഇത്തവണ ലീഗിൽ പത്താം സ്ഥാനത്ത് ആണെങ്കിലും താരത്തിന്റെ മികച്ച പ്രകടനം തുടരുകയാണ്. കസേമിറോക്ക് ഒപ്പം മറ്റൊരു ഡിഫെൻസിവ് മിഡ്ഫിൽഡറെ തേടുന്ന യുനൈറ്റഡിനും, കന്റെയുടെ പരിക്കും ജോർജിഞ്ഞോയുടെ ഒഴിഞ്ഞു പോക്കും മൂലം എൻസോയിലേക്ക് മാത്രം ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനം ചുരുങ്ങിയ ചെൽസിക്കും ഫ്രഞ്ച് താരത്തിനെ എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു നേട്ടമാകും. ടീമിൽ അടിമുടി മാറ്റം ഉദ്ദേശിക്കുന്ന പിഎസ്ജിയും ഫ്രഞ്ച് താരത്തെ എത്തിക്കുന്നത് സ്വപ്നം കാണുന്നുണ്ട്.