മിലിക് യുവന്റസിൽ എത്തി

Nihal Basheer

20220825 181935

ഒളിമ്പിക് മാഴ്സെയിൽ നിന്നും മുന്നേറ്റ താരം ആർക്കാഡ്വിസ് മിലിക്കിനെ യുവന്റസ് ടീമിൽ എത്തിച്ചു. ആദ്യം മുന്നേറ്റത്തിലേക്ക് എത്തിക്കാൻ പരിഗണിച്ചിരുന്ന മെംഫിസ് ഡീപെയ് ഉയർന്ന സാലറി വേണമെന്ന ആവശ്യം അറിയിച്ചതോടെയാണ് മിലിക്കിനെ എത്തിക്കാൻ യുവന്റസ് കരുക്കൾ നീക്കിയത്. ഒരു വർഷത്തെ ലോണിലാണ് പോളണ്ട് താരം ടുറിനിലേക്ക് എത്തുന്നത്. ഇതിന് ഒരു മില്യൺ യൂറോ യുവന്റസ് മാഴ്സെക്ക് കൈമാറും. ഇതിന് പുറമെ ഒരു മില്യണിന്റെ ആഡ്-ഓണുകളും ചേർത്തിട്ടുണ്ട്. സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാൻ എട്ട് മില്യണോളം വീണ്ടും യുവന്റസ് ചെലവാക്കേണ്ടി വരും. ഇത് സീസണിന്റെ അവസാനം മാത്രമേ യുവന്റസ് തീരുമാനിക്കൂ.

20220825 181925

മുൻ നാപോളി താരത്തിന്റെ സീരി എയിലേക്കുള്ള മടങ്ങി വരവാണ് ഇത്. നാല് സീസണുകളിലായി 93 ലീഗ് മത്സരങ്ങളിൽ നിന്നും 38 ഗോളുകൾ നാപോളിക്ക് വേണ്ടി നേടിയിരുന്നു. ഇരുപത്തിയെട്ട്കാരന് സീരി എയിൽ മത്സര പരിചയം ഉണ്ട് എന്നതും യുവന്റസിന് നേട്ടമാണ്. മൊറാടയെ നഷ്ടമായ ശേഷം മുൻ നിരയിൽ പന്ത് കൈവശം വെച്ചു കളിക്കാൻ പാകത്തിലുള്ള ഒരു മുന്നേറ്റ താരത്തിന് വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു യുവന്റസ്. ഡീപെയ് ആയിരുന്നു ആദ്യ പരിഗണന. നിലവിലെ സാഹചര്യത്തിൽ ഡീപെയ് ബാഴ്‍സയിൽ തന്നെ തുടർന്നേക്കും. വ്ലാഹോവിക്, കീൻ എന്നിവർക്ക് പുറമെ മിലിക് കൂടി എത്തുന്നതോടെ യുവന്റസ് മുന്നേറ്റം കൂടുതൽ ശക്തമാവും.