പിഎസ്ജി പ്രതിരോധ താരത്തിനെ ടീമിൽ എത്തിക്കാൻ ഫുൽഹാം

പിഎസ്ജിയുടെ ഫ്രഞ്ച് താരം ലെയ്വിൻ കുർസാവയെ ടീമിലേക്കെത്തിക്കാൻ ഫുൾഹാം ശ്രമം. പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയതിന് പിറകെ ഒരു പിടി പുതിയ താരങ്ങളെ ടീമിലേക്ക് എത്തിച്ച ഫുൾഹാം പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ലെഫ്റ്റ് ബാക്കിനെ എത്തിക്കുന്നത്. നിലവിൽ ആന്റണി റോബിൻസൻ മാത്രമാണ് ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ഫുൽഹാമിനുള്ളത്. ജോ ബ്രയാൻ പരിക്കേറ്റ് പുറത്താണ്. യുവന്റസ് താരം പെല്ലഗ്രിനിക്ക് വേണ്ടിയും ഫുൾഹാം ശ്രമിച്ചിരുന്നെങ്കിലും ഇത് നടക്കാതെ വന്നതോടെയാണ് കുർസാവയിലേക്ക് ടീമിന്റെ ശ്രദ്ധ തിരിഞ്ഞത്.

ഇരുപതിയൊമ്പത്കാരനായ താരം 2015ലാണ് മൊണാക്കോയിൽ നിന്നും പിഎസ്ജിയിലേക്ക് എത്തുന്നത്. ഒരിക്കലും ടീമിലെ സ്ഥിരക്കാരൻ ആവാൻ താരത്തിന് കഴിഞ്ഞില്ല. ഈ സീസണിൽ ടീം പുതുക്കി പണിയുന്ന പിഎസ്ജി ഒഴിവാക്കാൻ ഉദ്ദേശിച്ച താരങ്ങളിൽ ഒരാളായിരുന്നു കുർസാവ. ഏഴ് സീസണുകളിളായി നൂറ്റിയമ്പതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. ട്രാൻസ്ഫെർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫുൾഹാം ഫ്രഞ്ച് താരത്തെ എത്തിക്കാനുള്ള തങ്ങളുടെ നീക്കങ്ങൾ വേഗത്തിലാക്കും. ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്കെത്തുന്ന എട്ടാമത്തെ താരമാവും കുർസാവ.