മുന്നേറ്റ താരം മരിയാനോ ഡിയാസ് സീസണോടെ മാഡ്രിഡ് വിടുമെന്ന് ഉറപ്പായി. താരം തന്റെ പുതിയ ക്ലബ്ബിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചെന്നും അടുത്ത വാരം തന്നെ ഫ്രീ ഏജന്റ് ആയി ടീം വിടുമെന്നും ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം സ്‌പെയിനിൽ മാത്രമല്ല, പല രാജ്യങ്ങളിലും താരം അടുത്ത ക്ലബ്ബിനായി അന്വേഷണം നടത്തുന്നുണ്ടെന്ന് റിപോർട്ടിൽ പറയുന്നു. മാഡ്രിഡിൽ ഉണ്ടായ അഞ്ച് വർഷം കൊണ്ട് സാധ്യമായ എല്ലാ കിരീടങ്ങളും താരം സ്വന്തമാക്കി.
അതേ സമയം മാഡ്രിഡിലെ എത്തിയ ശേഷം തന്നെ ഡിയാസിന് ഓഫറുകൾ വന്നിരുന്നതായി എ.എസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കാര്യമായ അവസരം ഇല്ലാതിരുന്നിട്ടും ടീമിൽ തന്നെ തുടരാൻ ആയിരുന്നു താരത്തിന്റെ തീരുമാനം. സേവിയ്യ, വലൻസിയ, ഗെറ്റാഫെ, റയോ വയ്യക്കാനോ എന്നീ ടീമുകൾ മുൻപ് ഡിയാസിന് മുന്നിൽ ഓഫറുകൾ വെച്ചിരുന്നു. എന്നാൽ റയൽ വിടാൻ താരത്തിന് ഇതൊന്നും മതിയാകുമായിരുന്നില്ല. റയൽ യൂത്ത് ടീമുകളിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം, ശേഷം ലിയോണിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് റയലിലേക്ക് തിരിച്ചെത്തിയത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിലും പ്രതീക്ഷക്കൊത്തുയരാൻ താരത്തിനായില്ല.