ഇന്റർ മിലാൻ താരം ആന്ദ്രേ ഒനാനക്ക് വേണ്ടിയുള്ള ശ്രമം തുടരുന്നതിനിടെ ടീമിലേക്ക് പകരക്കാരൻ കീപ്പർക്ക് വേണ്ടിയും മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം നടത്തുന്നു. ജപ്പാൻ ക്ലബ്ബ് ആയ ഉറാവാ റെഡ് ഡയമണ്ട്സിന് വേണ്ടി കളിക്കുന്ന സിയോൺ സുസുക്കിയെ ആണ് ഇംഗ്ലീഷ് ടീം നോട്ടമിടുന്നത്. താരത്തിന് മേൽ യുണൈറ്റഡിന് താൽപര്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത ഫബ്രിസിയോ റോമാനോ എന്നാൽ ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയിട്ടില്ല എന്നും സൂചിപ്പിക്കുന്നു. ഡി ഹേയയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിൽ നിൽക്കുമ്പോഴും ഒനാനയെ പോസ്റ്റിന് കീഴിലേക്ക് എത്തിക്കാൻ തന്നെയാണ് ടീം മുൻഗണന നൽകുന്നത്. ഇന്ററുമായി ഇക്കാര്യത്തിൽ ഉടനെ ധാരണയിൽ എത്തുമെന്നാണ് സൂചനകൾ.
ഘാന-ജാപനീസ് ദമ്പതികളുടെ മകനായി യുഎസിൽ ജനിച്ച താരം ചെറുപ്പത്തിൽ തന്നെ ജപ്പാനിലേക്ക് എത്തി റെഡ് ഡയമണ്ട്സിന്റെ അക്കാദമിയിൽ ചേർന്നു. 2021ൽ സീനിയർ ടീമിൽ അരങ്ങേറി. ജപ്പാൻ ദേശിയ യൂത്ത് ടീമുകളിലും ഇരുപതുകരൻ സ്ഥിരാംഗമായിരുന്നു. ഇരുപതിയെഴുകാരനായ ഒനാനയുടെ സ്ഥാനത്തേക്ക് ഭാവിയിൽ വളർന്ന് വരാൻ സുസുക്കിക്ക് സാധിക്കും എന്നാവും യുണൈറ്റഡ് കണക്ക് കൂട്ടുന്നത്. അതേ സമയം താരത്തിന് വേണ്ടി യുനൈറ്റഡ് അഞ്ച് മില്യൺ പൗണ്ടിന്റെ ആദ്യ ഓഫർ സമർപ്പിച്ചതായി ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് നൽകുന്നുണ്ട്. എങ്കിലും ഒനാനയുടെ നീക്കം പൂർണമായ ശേഷമേ ടീം സിയോണിന് വേണ്ടിയുള്ള ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകൂ എന്നുറപ്പാണ്.