പോർച്ചുഗീസ് താരം ബെർണാഡോ സിൽവക്ക് വേണ്ടിയുള്ള ചർച്ചകൾക്ക് ഒരുക്കമല്ലെന്ന് അറിയിച്ച് മാഞ്ചസ്റ്റർ സിറ്റി. താരത്തിൽ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുള്ള എഫ്സി ബാഴ്‌സലോണ, പിഎസ്ജി ടീമുകളെ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ഈ വിവരം അറിയിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ സിൽവക്ക് പുതിയ കരാർ നൽകാനും സിറ്റിക്ക് പദ്ധതിയുണ്ട്. എന്നാൽ ടീമിൽ തുടരാൻ താൽപര്യമില്ലാത്തവരെ ഒരിക്കലും പിടിച്ചു നിർത്തില്ലെന്ന് പല തവണ വ്യക്തമാക്കിയിട്ടുള്ള പെപ്പ്, താരത്തിന്റെ താൽപര്യത്തിന് എതിര് നിൽക്കിലെന്നാണ് സൂചനകൾ. എങ്കിലും ഗുണ്ടോഗൻ, മെഹ്റസ് എന്നിവർ ടീം വിട്ട സാഹചര്യത്തിൽ സിൽവയെ ഏതു വിധേനയും ടീമിൽ നിലനിർത്താൻ സിറ്റി ശ്രമിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
അതേ സമയം ബെർണാഡോ സിൽവയെ അടുത്ത ലക്ഷ്യമായി കാണുന്ന ബാഴ്‌സലോണ താരത്തിന് വേണ്ടിയുള്ള ഓഫർ തയ്യാറാക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പ്രസിഡന്റ് ലപോർട അടക്കമുള്ള ബോർഡ് അംഗങ്ങൾ ചർച്ചകളിൽ ആണെന്ന് മുണ്ടോ ഡിപോർടിവോ റിപ്പോർട്ട് ചെയ്യുന്നു. ഡെമ്പലെ, കെസ്സി തുടങ്ങിയവരെ ട്രാൻസ്ഫർ ചെയ്യാൻ സാധിച്ചതോടെ ബെർണാഡോയെ എത്തിക്കാൻ സാധിച്ചേക്കും എന്നാണ് ബാഴ്‌സയുടെ വിശ്വാസം. ആദ്യം ഒരു വർഷത്തെ ലോൺ ഓഫർ നൽകാനും, സിറ്റി അത് നിരസിച്ചാൽ താരത്തെ സ്വന്തമാക്കാനുള്ള ഓഫർ നൽകാനും ആണ് നിലവിലെ പദ്ധതി എന്ന് മുണ്ടോ ഡെപ്പോർടിവോ സൂചിപ്പിച്ചു. അതേ സമയം സിറ്റി അവശപ്പെടുന്ന തുക നൽകുക എന്ന വലിയ കടമ്പയാണ് ബാഴ്‌സയുടെ മുന്നിൽ ഉള്ളത്. കഴിഞ്ഞ മാസം മുതൽ താരത്തിന് പിറകെ ഉള്ള പിഎസ്ജിക്ക് പക്ഷെ സിൽവയുടെ സമ്മതവും ഇതുവരെ ലഭിച്ചിട്ടില്ല.
Download the Fanport app now!