ജൂഡ് ബെല്ലിങ്ഹാമിന് വേണ്ടിയുള്ള റയലിന്റെ ഓഫർ തയ്യാറാവുന്നതായി ഫാബ്രിസിയോ റോമാനോ. താരവുമായി നേരത്തെ ധാരണയിൽ എത്തിയ റയൽ ഡോർട്മുണ്ടിന് മുന്നിൽ ഔദ്യോഗിക ഓഫർ സമർപ്പിക്കാൻ ആണ് അടുത്തതായി ശ്രമിക്കുന്നത്. ദീർഘകാല കരാർ ആണ് താരത്തിന് വേണ്ടി സ്പാനിഷ് ടീം തയ്യാറാക്കുന്നത്. അതേ സമയം ലീഗ് ജേതാക്കളെ നിർണയിക്കുന്ന അവസാന വട്ട റൗണ്ട് മത്സരങ്ങൾ നടക്കുന്ന ബുണ്ടസ്ലീഗയും പരിഗണിച്ച് മാത്രമേ റയൽ ഓഫറുമായി മുന്നോട്ടു പോവുകയുള്ളൂ. കഴിഞ്ഞ ദിവസം മൊഞ്ചൻഗ്ളാഡ്ബാക്കിന്റെ വീഴ്ത്തി ഡോർട്മുണ്ട് ബയേണിന് വെറും ഒരു പോയിന്റ് പിറകിൽ രണ്ടാം സ്ഥാനം നിലനിർത്തിയിരുന്നു. ലീഗിൽ ബാക്കിയുള്ള ഓരോ മത്സരവും അതി നിർണായകമാണ്. ഒരു പക്ഷെ ലീഗിലെ എല്ലാ മത്സരങ്ങളും അവസാനിച്ച ശേഷമേ റയൽ ഓഫറുമായി ഡോർട്മുണ്ടിനെ സമീപിക്കുകയുള്ളൂ.
അതേ സമയം ബെല്ലിങ്ഹാമിന്റെ ഭാവിയെ കുറിച്ച് തീരുമാനിക്കാൻ ഡോർട്മുണ്ട് നിശ്ചിത സമയം കുറിച്ചിട്ടില്ലെന്ന് മാർക റിപ്പോർട്ട് ചെയ്യുന്നു. ടീം ഡയറക്ടർ സെബാസ്റ്റ്യൻ കെഹ്ൽ താരത്തിന് നിലവിൽ രണ്ടു വർഷത്തെ കരാർ ബാക്കിയുള്ളതായി ചൂണ്ടിക്കാണിച്ചു. തങ്ങൾ എല്ലാ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ട് എന്നും താരം നിലവിൽ കിരീടത്തിനായുള്ള പോരാട്ടത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. താരം ടീം വിടുകയാണെങ്കിൽ മർക്കാട് നിലവാരം അനുസരിച്ച് ധാരാളം പണം സ്വന്തമാക്കാൻ തങ്ങൾക്ക് സാധിക്കും എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ, ഈ പണം കൊണ്ട് പോലും താരത്തിന് പകരക്കാരനായി മറ്റൊരാളെ കണ്ടെത്തുക അസാധ്യം ആണെന്നും കെഹ്ൽ കൂട്ടിച്ചേർത്തു.