സെർജിയോ ബസ്ക്വറ്റ്സ് ബാഴ്‌സലോണ വിടുമോ, ഓഫറുകളുമായി എംഎൽഎസ് ടീമുകൾ

20220711 114701

ബാഴ്‌സയുടെ പന്തുകളി ശൈലിയിൽ നിർണായക സ്ഥാനങ്ങളിൽ ഒന്നാണ് ഡിഫെൻസിവ് മിഡ്ഫീൽഡർ. പിച്ചിൽ പാസുകൾ വിതരണം ചെയ്ത് വല നെയ്യുന്ന പോലെ ആക്രമണം കെട്ടിപ്പടുന്നതിൽ ഏറ്റവും സ്വാധീനമുള്ള സ്ഥാനം.മുൻപ് സാക്ഷാൽ പെപ് ഗ്വാർഡിയോള തന്നെ കൈവശം വെച്ചിരുന്ന ആ സ്ഥാനത്തേക്ക് പിന്നീട് ഒരു മികച്ച പകരക്കാരനെ എത്തിച്ചതും പെപ്പ് തന്നെ ആയിരുന്നു; സെർജിയോ ബസ്ക്വറ്റ്സ്. പെപ്പിന്റെ കീഴിൽ തന്റെ ഇരുപതാം വയസിൽ ടീമിനായി അരങ്ങേറിയ ശേഷം ബസ്ക്വറ്റ്സിന് പകരക്കാരെ തേടേണ്ടി വന്നിട്ടില്ല ബാഴ്‌സലോണക്ക്. അവസാനം സാവി കോച്ച് ആയി വന്നപ്പോഴും പ്രായം പരിഗണിക്കാതെ ബുസ്ക്വറ്റ്സിനെ തന്നെ ആദ്യ ഇലവനിൽ നിലനിർത്തിയതും കളത്തിലെ അദ്ദേഹത്തിന്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു.

എന്നാൽ ബാഴ്‌സയുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കി നിൽക്കെ ബസ്ക്വറ്റ്സ് ബാഴ്‌സലോണ വിട്ടേക്കുമോ എന്ന അഭ്യൂഹങ്ങൾ കൂടി ശക്തമാവുകയാണ്. കരാർ അവസാനിക്കാൻ ആയിട്ടും താരവും ടീമും തമ്മിൽ പുതിയ കരാർ ചർച്ചകൾ ഒന്നും ഇതുവരെ ആരംഭിച്ചിട്ടും ഇല്ല. ഇതിനിടയിലാണ് എംഎൽഎസ് ടീമുകൾ ഇതിഹാസ താരത്തിന് പിറകെ ഉണ്ടെന്ന സൂചനകൾ കൂടി പുറത്തു വരുന്നത്. വിവിധ എംഎൽഎസ് ടീമുകൾ ബസ്ക്വറ്റ്സിനെ സമീപിച്ചു എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.അടുത്ത വർഷം കരാർ അവസാനിക്കുന്ന താരത്തെ ടീമിലേക്ക് എത്തിക്കാൻ ആണ് ടീമുകൾ ശ്രമിക്കുന്നത്.സാവിക്ക് കീഴിൽ പുതിയ ടീം കെട്ടിപ്പടുക്കുന്ന ബാഴ്‌സ സീനിയർ താരത്തെ അടുത്ത സീസണിന് ശേഷം ടീമിൽ നിലനിർത്താനും സാധ്യതകൾ വിരളമാണ്.

എന്നാൽ ബസ്ക്വറ്റസിന് പകരക്കാരനെ കണ്ടെത്തുക എന്ന ഒട്ടും ആയാസകരമല്ലാത്ത കടമ്പയാണ് ബാഴ്‌സക്ക് മുന്നിൽ ഉള്ളത്. വേൾവ്സിൽ നിന്നും റൂബൻ നവാസിനെയാണ് ടീം ഈ സ്ഥാനത്തേക്ക് കാണുന്നത് എന്നും സൂചനകൾ ഉണ്ടായിരുന്നു. നിലവിൽ ടീമിനോടൊപ്പം ഉള്ള ലാ മാസിയ താരം നിക്കോ യൂത്ത് ടീമുകളിൽ ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് കളിച്ചു ടീമിന്റെ ശൈലി തന്നെ പരിചയമുള്ള താരമാണ്. ഒരു പക്ഷെ അടുത്ത സീസണിൽ ബസ്ക്വറ്റ്സിന് പകരനായി നിക്കോക് സാവി അവസരങ്ങൾ നൽകാൻ തയ്യാറായേക്കും.

എംഎൽഎസ് ടീമുകളുടെ ഓഫർ ബസ്ക്വറ്റ്സ് അംഗീകരിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും മാറ്റങ്ങളിലൂടെ കടന്ന് പോകുന്ന ബാഴ്‌സയിൽ നിന്നും മാറാനും, ഒരു പക്ഷെ ദേശിയ ടീമിനോടൊപ്പം തന്റെ അവസാന ലോകകപ്പിന് ശേഷം യൂറോപ്പിന് പുറത്ത് പുതിയ മേച്ചിൽപ്പുറങ്ങൾ തേടാനും താരം തയ്യാറായേക്കും.