യുവതാരം ഫാബിയോ കാർവലോക്ക് വേണ്ടി ആർബി ലെപ്സീഗ് നീക്കം. എന്നാൽ ജർമൻ ടീമിന്റെ ആദ്യ ഓഫർ ലിവർപൂൾ തള്ളിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തെ പൂർണമായി കൈവിടാൻ ലിവർപൂൾ തയ്യാറല്ല എന്നാണ് സൂചന. അതിനാൽ തന്നെ ലോൺ അടക്കമുള്ള സാധ്യതകൾ ടീം പരിഗണിച്ചേക്കും. താരം ലോണിൽ പോയേക്കും എന്ന് ക്ലോപ്പും കഴിഞ്ഞ വാരം വെളിപ്പെടുത്തിയിരുന്നു.
അതേ സമയം ബൈ-ബാക്ക് ക്ലോസ് ചേർത്ത് കാർവലോയെ കൈമാറുന്നത് ലിവർപൂൾ പരിഗണിച്ചേക്കും എന്ന് റൊമാനോ ചൂണ്ടിക്കാണിക്കുന്നു. ഇതിനെ കുറിച്ച് ടീം ഉടനെ തീരുമാനം എടുക്കും. അങ്ങനെ എങ്കിൽ ലെപ്സിഗിന് താരത്തെ സ്വന്തമാക്കാനും ആവും. ഫുൾഹാമിൽ നിന്നും ഏഴര മില്യൺ പൗണ്ടോളം ചെലവാക്കിയാണ് സീസണിന്റെ തുടക്കത്തിൽ താരം ലിവർപൂളിൽ എത്തിയത്. ക്ലോപ്പിന്റെ അഭിനന്ദനത്തിന് പാത്രമായ താരത്തിന് എന്നാൽ പിന്നീട് അവസരങ്ങൾ കുറഞ്ഞു. തുടക്കത്തിൽ ടീമിൽ ഇടം പിടിച്ച കാർവലോ സീസൺ തീരുമ്പോൾ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 22 മത്സരങ്ങൾ മാത്രമാണ് ടീമിന്റെ ജേഴ്‌സി അണിഞ്ഞത്. അവസരങ്ങൾ കുറഞ്ഞതോടെ ഇരുപതുകാരൻ ടീം വിട്ടേക്കും എന്നും നേരത്തെ സൂചനകൾ ഉണ്ടായിരുന്നു.