ഹുഡ്സൻ-ഒഡോയിക്ക് വേണ്ടി ലാസിയോ രംഗത്ത്

Nihal Basheer

ചെൽസി താരം കല്ലം ഹുഡ്സൻ ഒഡോയിക്ക് വേണ്ടി ലാസിയോയുടെ ശ്രമം. ടീമുകൾ തമ്മിലുള്ള ചർച്ച വളരെയധികം പുരോഗമിച്ചു കഴിഞ്ഞതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അടുത്ത വർഷത്തോടെ താരത്തെ സ്വന്തമാക്കാവുന്ന രീതിയിൽ ലാസിയോക്ക് ഒഡോയിയെ ലോണിൽ കൈമാറുമെന്ന ഇറ്റാലിയൻ മാധ്യമങ്ങളുടെ സൂചനകൾ റോമാനൊ പൂർണമായും തള്ളി. താരത്തിന് 2024 വരെ ചെൽസിയിൽ കരാർ ഉള്ളൂ എന്നതിനാൽ ഉടൻ തന്നെ ട്രാൻസ്ഫർ നടത്താനാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ശ്രമം.
Hudson-Odoi
അതേ സമയം പ്രിമിയർ ലീഗ് ടീമുകളും താരത്തിന് പിറകെ ഉണ്ട്. ഹുഡ്സൻ ഒഡോയിക്ക് വേണ്ടി കാര്യമായ ശ്രമങ്ങൾ നടത്തിയ ഫുൾഹാമിന്റെ ഓഫർ പക്ഷെ ചെൽസി തള്ളുകയാണ് ഉണ്ടായത്. ഉയർന്ന ട്രാൻസ്ഫർ തുക തന്നെയാണ് ചെൽസി പ്രതീക്ഷിക്കുന്നത്. ഇതോടെയാണ് നേരത്തെ തന്നെ താരത്തിൽ കണ്ണുണ്ടായിരുന്ന ലാസിയോ ചർച്ചകളിലേക്ക് കടന്നത്. അരങ്ങേറ്റത്തിന് ശേഷം പല സീസണുകളിലും കാര്യമായ അവസരങ്ങൾ ഇല്ലാതെ വന്നതോടെ കഴിഞ്ഞ സീസണിൽ ബയേർ ലെവർകൂസനിൽ ലോണിൽ കളിക്കുകയായിരുന്നു താരം. ആകെ 21 മത്സരങ്ങൾ ജർമൻ ടീമിന് വേണ്ടി കളിച്ചു. ഒരേയൊരു ഗോളാണ് നേടാൻ ആയത്.